ജറുസലേമിൽ പരാഗ്വേയുടെ എംബസി തുറന്നു
അമേരിക്കയ്ക്കും ഗ്വാട്ടിമാലയ്ക്കും പിന്നാലെ പരാഗ്വേയും ജറുസലേമിൽ എംബസി തുറന്നു. ടെൽ അവീവിൽ നിന്നു ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ച എംബസിയുടെ ഉദ്ഘാടനം പരാഗ്വേ പ്രസിഡണ്ട് ഹൊറേഷ്യോ കാർട്ടസ് നിർവഹിച്ചു
ജറുസലേം : അമേരിക്കയ്ക്കും ഗ്വാട്ടിമാലയ്ക്കും പിന്നാലെ പരാഗ്വേയും ജറുസലേമിൽ എംബസി തുറന്നു. ടെൽ അവീവിൽ നിന്നു ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ച എംബസിയുടെ ഉദ്ഘാടനം പരാഗ്വേ പ്രസിഡണ്ട് ഹൊറേഷ്യോ കാർട്ടസ് നിർവഹിച്ചു. ഇസ്രയേലിനോടുള്ള പരാഗ്വേയുടെ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണ് പുതിയ എംബസിയെന്ന് കാർട്ടസ് ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
മേയ് 14ന് അമേരിക്കയാണ് ആദ്യമായി ജറുസലമിൽ എംബസി തുറന്നത്. ഇതിനെതിരെ പലസ്തീൻകാർ ഗാസയിൽ നടത്തിയ സമരത്തിനു നേർക്ക് ഇസ്രയേലി സേന നടത്തിയ ആക്രമണത്തിൽ 62 പേർക്കു ജീവഹാനി നേരിടുകയും 2400 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പലസ്തീനും മറ്റു രാജ്യങ്ങളും അമേരിക്കൻ നിലപാടിനെ നിശിതമായി വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനെ സമാധാന ചർച്ചകളിൽ നിന്ന് ഒഴിവാക്കണമെന്ന് പലസ്തീൻ നേതാക്കൾ ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും അവർ ആരോപിച്ചു.
What's Your Reaction?