മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ വോട്ടര്‍പ്പട്ടികയില്‍ ബിജെപി, 60 ലക്ഷം വ്യാജവോട്ടര്‍മാരെ ചേര്‍ത്തെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷന്‍ ജൂണ്‍ ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
നാലംഗ സംഘത്തെയാണ് കമ്മീഷന്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. മധ്യപ്രദേശിലെ ജനസംഖ്യയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായതെങ്കില്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധന 40 ശതമാനം ആണെന്ന് പാര്‍ട്ടി ആരോപിക്കുന്നു.
വ്യാപകമായ തിരിമറികളാണ് പട്ടികയിലുള്ളതെന്നും ഒരാളുടെ പേരില്‍ സ്വന്തം ബൂത്തിലും മറ്റു ബൂത്തുകളിലും വോട്ടര്‍ പട്ടികയില്‍ചേര്‍ത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒരേ ചിത്രം ഉപയോഗിച്ച് പല പേരുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. അടുത്ത ജൂലൈ 31 നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. അതിന് മുമ്പ് തന്നെ വ്യാജവോട്ടര്‍മാരെ മുഴുവന്‍ നീക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്കുതന്നെ ബിജെപിയോട് മല്‍സരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.