മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്

Jun 12, 2023 - 04:38
 0
മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം; ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്

മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസിലെ അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി.

എസ്എഫ്ഐ മുൻനേതാവായിരുന്ന കെ വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ എത്തിയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.

അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.

അതേസമയം മാർക്ക് ലിസ്റ്റിലുണ്ടായത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നേരത്തെ വിശദീകരിച്ചിരുന്നു. ഗൂഢാലോചനയുണ്ടെന്ന ആർഷോയുടെ പരാതി മഹാരാജാസ് കോളേജ് ഗവേണിങ് കൗൺസിൽ തള്ളിയിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ച് ആർഷോയുടെ പരാതിയിൽ കേസെടുക്കുകയായിരുന്നു.

 

എഫ്ഐആർ 24 മണിക്കൂറിനുള്ളിൽ പുറത്ത് വിടണമെന്ന സുപ്രീം കോടതി വിധി നിലനിൽക്കെ, കുറ്റാരോപിതരിൽ നിന്ന് പോലും പൊലീസ് എഫ്ഐആർ മറച്ചുവെച്ചു. 1745 /2023 എന്നതാണ് ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ നമ്പർ.

What's Your Reaction?

like

dislike

love

funny

angry

sad

wow