പ്രകടനപത്രികയിലെ ഭൂപടത്തെ ചൊല്ലി വിവാദം; മറുപടി തരൂർ പറയുമെന്ന് കോൺഗ്രസ്

ആരും അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു തെറ്റ് വരുത്തുകയില്ല എന്നും സന്നദ്ധപ്രവർത്തകരുടെ സംഘത്തിന് പറ്റിയ പിഴവാണ് ഇതെന്നും തരൂർ ട്വീറ്റ് ചെയ്തു. തരൂർ തന്നെ മറുപടി നൽകട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്

Oct 1, 2022 - 21:58
Oct 1, 2022 - 22:16
 0
പ്രകടനപത്രികയിലെ ഭൂപടത്തെ ചൊല്ലി വിവാദം; മറുപടി തരൂർ പറയുമെന്ന് കോൺഗ്രസ്
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ വിവാദം. മത്സരത്തിന് മുന്നോടിയായി ശശി തരൂർ പ്രകടനപത്രിക പുറത്തിറക്കി. ഈ പത്രികയിൽ ചേർത്ത ഇന്ത്യയുടെ ഭൂപടത്തെ ചൊല്ലിയാണ് ഇപ്പോൾ വിവാദമുണ്ടായിരിക്കുന്നത്.
ജമ്മു കശ്‌മീരിന്‍റെയും ലഡാക്കിന്‍റെയും ഭാഗങ്ങൾ ഇല്ലാതെയുള്ള ഇന്ത്യയുടെ ഭൂപടമാണ് പത്രികയിൽ ചേർത്തത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. തൊട്ട് പിന്നാലെ തെറ്റ് തിരുത്തി പുതിയ പത്രിക ശശി തരൂർ പുറത്തിറക്കുകയും ചെയ്തു. ആരും അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു തെറ്റ് വരുത്തുകയില്ല എന്നും സന്നദ്ധപ്രവർത്തകരുടെ സംഘത്തിന് പറ്റിയ പിഴവാണ് ഇതെന്നും തരൂർ പിന്നീട് ട്വീറ്റ് ചെയ്തു.
പ്രകടനപത്രികയിൽ ചേർത്ത ഭൂപടത്തിലെ തെറ്റിനെ ചൂണ്ടിക്കാട്ടി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉൾപ്പടെയുള്ളവർ രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. ഇതിന് മറുപടിയുമായി കോൺഗ്രസ് വക്താവ് ജയ്‌റാം രമേശും രംഗത്തെത്തി. ഈ ഗുരുതര പിഴവിന് ശശി തരൂർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചതോടെ ബിജെപിയുടെ ആശങ്ക വർധിച്ചെന്നും രാഹുൽ ഗാന്ധിയെയും യാത്രയെയും അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം നിസാരകാര്യങ്ങൾ പൊതുമധ്യത്തിലേക്ക് കൊണ്ടുവരുന്നതെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായിരിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ പ്രകടനപത്രികയിൽ അവതരിപ്പിക്കുന്നത് വികൃതമായ ഭൂപടമാണെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ഗാന്ധി കുടുംബത്തിന്റെ പ്രീതി സമ്പാദിക്കുന്നതിനാവും തരൂർ ഇങ്ങനെ ചെയ്യുന്നതെന്നും മാളവ്യ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow