87 റണ്‍സിനിടയില്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം , ഇന്ത്യ 250 റണ്‍സിന് പുറത്ത്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. 250 റണ്‍സിന് ഇന്ത്യയെ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ഓസീസിന് 87 റണ്‍സിനിടയില്‍ നാല് വിക്കറ്റ് നഷ്ടമായി.
അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. 250 റണ്‍സിന് ഇന്ത്യയെ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ഓസീസിന് 87 റണ്‍സിനിടയില്‍ നാല് വിക്കറ്റ് നഷ്ടമായി.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശര്‍മ്മ ഫിഞ്ചിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. പിന്നീട് മാര്‍കസ് ഹാരിസും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓസീസിനെ കര കയറ്റാന്‍ നോക്കി. എന്നാല്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 57 പന്തില്‍ 26 റണ്‍സായിരുന്നു ഹാരിസിന്റെ സമ്പാദ്യം.
പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിന് അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ രണ്ട റണ്‍സെടുത്ത മാര്‍ഷിനേയും അശ്വിന്‍ പുറത്താക്കി. അടുത്ത ഊഴം ഉസ്മാന്‍ ഖ്വാജയുടേതായിരുന്നു. 125 പന്ത് നേരിട്ട് ക്ഷമാപൂര്‍വ്വം ബാറ്റുവീശിയ ഖ്വാജ 28 റണ്‍സെടുത്ത് പുറത്തായി. അശ്വിനാണ് വിക്കറ്റ്. ഇതോടെ നാല് വിക്കറ്റിന് 87 റണ്‍സെന്ന നിലയിലായി ഓസീസ്.
നേരത്തെ രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ക്രീസിലുണ്ടായിരുന്ന മുഹമ്മദ് ഷമി പേസ് ബൗളര്‍ ഹസല്‍വുഡിന്റെ പന്തില്‍ ക്രീസ് വിട്ടു. ബുംറ(0) പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ഹസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യ ദിനം തകര്‍ന്നു തരിപ്പണമായ ഇന്ത്യയെ ചേതേശ്വര്‍ പൂജാരയാണ് കര കയറ്റിയത്. ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ക്ലാസ് ഇന്നിങ്‌സുമായി പൂജാര പിടിച്ചുനില്‍ക്കുകയായിരുന്നു. മൂന്നാ മതായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 123 റണ്‍സാണ് പൂജാര നേടിയത്. പൂജാരയുടെ 16-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
അമ്പത് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ പൂജാര ഒരുഭാഗത്ത് ചെറുത്ത് നില്‍പ്പ് നടത്തുമ്പോഴും മറുഭാഗത്ത് ഇടവേള വിട്ട് വിക്കറ്റുകള്‍ വീണുകൊണ്ടോയിരുന്നു. 37 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 25 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് പൂജാരയെ കൂടാതെ മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ ചെറുതായെങ്കിലും പോരാടിയത്. വാലറ്റത്ത് അശ്വിനും 25 റണ്‍ കൂട്ടിച്ചേര്‍ത്തു.
What's Your Reaction?