മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ല, ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാർ, പിണറായിയെയും അങ്ങനെ വിളിക്കാറുണ്ട്'; എകെ ബാലൻ

രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. മോദി സർക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരാണെന്നാണ് പറയാറുള്ളത്. ഫാസിസ്റ്റ് സർക്കാരെന്ന് പ്രസംഗത്തിൽ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്. പിണറായി സർക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കൾ ഫാസിസ്റ്റ് സർക്കാരെന്ന് പറയാറുണ്ട്. അതുകൊണ്ട് ഫാസിസ്റ്റാകില്ലെന്നും ബാലൻ പറഞ്ഞു.
മോദി സർക്കാരിനെ ഫാസിസ്റ്റ് ഭരണകൂടം എന്ന് വിളിക്കാനാകില്ലെന്ന സിപിഎം രേഖ സംബന്ധിച്ചായിരുന്നു ബാലന്റെ പ്രതികരണം. പത്രങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്ന ഈ രേഖ പുതിയതല്ലെന്നും പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഫെബ്രുവരിയിൽ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചതാണെന്നും ബാലൻ പറഞ്ഞു. മോദി സർക്കാരിനെ കുറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരാണെന്നാണ് ഞങ്ങൾ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോൾ എല്ലാവരും ഫാസിസ്റ്റ് സർക്കാരെന്ന് പറയും.
പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാർട്ടി കോൺഗ്രസ് മുതലേ ഫാസിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്. ഫാസിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സർക്കാർ ഒരു ഫാസിസ്റ്റ് സർക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഫാസിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാസിസത്തിലേക്ക് വരാൻ സാധ്യതയുള്ള സർക്കാരാണ്. അത് വരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തിൽ ഈയൊരു ഭാഗം വന്നതെന്നും എകെ ബാലൻ പറഞ്ഞു.
നവഫാസിസത്തിൽ ഒരു വ്യക്തത വരുത്തണമെന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായതിന്റെ ഭാഗമായി വന്നതാണ്. ഇത് സ്വകാര്യരേഖയല്ല. ഫെബ്രുവരിയിൽ പോളിറ്റ്ബ്യൂറോ തയ്യാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇത് പൊതുരേഖയാണ്. പാർട്ടിയെ സംബന്ധിച്ച് ഇത് ചർച്ചയാകണമെന്ന് തന്നെയാണ്. ഫാസിസം വന്നിട്ടുണ്ടെന്ന് തെളിയിക്കട്ടെ. അതിന് രേഖകളുണ്ടെങ്കിൽ വെക്കട്ടെ.
അതല്ല ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരാണ് ഉള്ളതെന്ന പാർട്ടിയുടെ അഭിപ്രായത്തിനൊപ്പമാണോ ജനങ്ങൾ നിൽക്കുന്നതെന്ന് വിലയിരുത്തലുണ്ടാകട്ടെ. ഇതിൽ പുതുതായി ഒന്നുമില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. നയരേഖയിൽ ആർക്കും ഭേദഗതി നിർദേശിക്കാമെന്നും ബാലൻ ചൂണ്ടിക്കാട്ടി. അതേസമയം മോദി സർക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാൻ സിപിഐ തയ്യാറല്ലെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഈ പ്രസ്താവനയോട് സിപിഎമ്മും സിപിഐയും അടിസ്ഥാനപരമായി വ്യത്യാസമുള്ളത്‌കൊണ്ടാണല്ലോ രണ്ട് പാർട്ടികളായി നിൽക്കുന്നതെന്ന് ബാലൻ പ്രതികരിച്ചു.
What's Your Reaction?






