Rising Bharat Summit 2024 Day 2: 'നരേന്ദ്രമോദിയെ അധിക്ഷേപിക്കും തോറും കൂടുതൽ താമര വിരിയും'; അമിത് ഷാ
‘ശക്തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ കോൺഗ്രസ് നേതാവിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്ത്യയുടെ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും മൂല്യത്തോടും ഗാന്ധി കുടുംബത്തിന് യാതൊരുവിധ ബഹുമാനവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. “രാഹുൽ ഗാന്ധി പറയുന്നതൊന്നും ആരും ഗൗരവമായി എടുക്കേണ്ടതില്ല. രാജ്യത്തെ സ്ത്രീകൾ നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് നൽകുന്നത്. അവർ മോദിക്ക് പിന്നിൽ അണിനിരക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകൾ തീരുമാനിച്ചിട്ടുണ്ട് " എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കൂടാതെ ജനങ്ങളുടെ മുഴുവൻ പിന്തുണ ഉള്ളവർക്ക് ഒന്നും സംഭവിക്കില്ലെന്നും ഓരോ തവണ നരേന്ദ്രമോദിയെ അധിക്ഷേപിക്കുമ്പോഴും ജനങ്ങൾ അവരുടെ വോട്ടുകൊണ്ട് പ്രതികരിക്കുകയും കൂടുതൽ താമര വിരിയുകയും ചെയ്യുന്നുണ്ടെന്ന കാര്യം പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ റെക്കോർഡ് നേട്ടങ്ങൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
" മോശം സാമ്പത്തിക സ്ഥിതിയിൽ നിന്ന് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിന് വേണ്ടി സമൂഹത്തിന്റെ വിവിധ മേഖലകളിലായി സർക്കാർ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മുത്തലാഖ്, ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യങ്ങൾ വരെ കേന്ദ്ര സർക്കാർ നിറവേറ്റിയിട്ടുണ്ട്. അതോടൊപ്പം സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു . നരേന്ദ്ര മോദി പറയുന്ന ഓരോ വാക്കും യാഥാർത്ഥ്യമാക്കി, അതാണ് മോദിയുടെ ഗ്യാരണ്ടിയുടെ ശക്തി” എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ ഇനിയും അധികാരത്തിൽ തിരിച്ചെത്തിയാൽ, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നും അമിത് ഷാ ഉറപ്പ് നൽകി.
What's Your Reaction?