അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കും ( President Nomination). വൈകുന്നേരം മൂന്നു മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് () ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ശശി തരൂർ എംപി (Shashi Tharoor), മുകുൾ വാസ്നിക് (Mukul Wasnik) എന്നിവരും ഇന്ന് നാമനിർദേശ പത്രിക നൽകും.
നേരത്തെ നാമനിർദേശ പത്രിക വാങ്ങിയവരിൽ ആരൊക്കെ മത്സരത്തിനുണ്ടാകുമെന്നും ഇന്ന് വ്യക്തത വരും. കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. തന്റെ മനസാക്ഷിയുടെ നിർദേശപ്രകാരമാണ് മത്സരിക്കുന്നത്. എല്ലാവരോടും വോട്ട് ചോദിക്കും. അധ്യക്ഷ സ്ഥാനത്തിന് താൻ അർഹനാണെങ്കിൽ അവർ വോട്ട് രേഖപ്പെടുത്തും. താൻ ഔദ്യോഗിക സ്ഥാനാർഥിയല്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ എൻഡിടിവിയോട് വ്യക്തമാക്കി.
ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്നയാളാണ് താൻ. പാർട്ടി എന്ത് തീരുമാനിച്ചാലും അതിനെ അംഗീകരിക്കും. നേതാവ് ഏകാധിപതിയല്ല, സമന്മാരിൽ ഒന്നാമൻ മാത്രമാണ്. ഉത്തരവാദിത്തം അവർക്കാണ്. സോണിയ ഗാന്ധി എല്ലാവരോടും കൂടിയാലോചിക്കും, ഇതിനുശേഷം മാത്രമേ ഒരു തീരുമാനമെടുക്കൂ. ജനാധിപത്യ പാർട്ടിയിലെ സംവിധാനം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജസ്ഥാനിലെ സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദിഗ്‌വിജയ് സിങ് തയ്യാറായില്ല.
ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണെങ്കിലും 75 കാരനായ സിങ് ഹൈക്കമാൻഡിൻ്റെ സ്ഥാനാർഥിയാകില്ല. ഹൈക്കമാൻഡ് സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ പത്രിക പിൻവലിക്കുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ സാഹചര്യം മാറാം, നമുക്ക് നോക്കാം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്നേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡ് ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. ഇതിലേക്കു ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ മുകുൾ വാസ്നിക്കിന് നറുക്കുവീഴാനാണ് സാധ്യതയേറുന്നത്. ഒക്ടോബർ 17 നാണ് വോട്ടെടുപ്പ് നടക്കുക. 19 നാണ് വോട്ടെണ്ണൽ.