ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറുന്നു

Feb 24, 2024 - 16:22
 0
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറുന്നു

ഇന്ത്യയുടെ സ്വന്തം ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഈ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഫിലിപ്പീന്‍സ് വാങ്ങിയതും വാര്‍ത്തയായിരുന്നു. മാര്‍ച്ചോടെ ഫിലിപ്പീന്‍സില്‍ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്തോനേഷ്യയും മിസൈല്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും മറ്റ് ചില പ്രതിരോധ വസ്തുക്കളും വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് വിയറ്റ്‌നാമും അറിയിച്ചിട്ടുണ്ട്.

അതേസമയം 2025ഓടെ 35000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്ന കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മിസൈലിന്റെ വില്‍പ്പന ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1990കളിലാണ് രാജ്യത്തിന് ക്രൂയിസ് മിസൈല്‍ ആവശ്യമാണെന്ന ചിന്ത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായത്. ഇതിന്റെ ഭാഗമായി അന്നത്തെ ഡിആര്‍ഡിഒ ചെയര്‍മാനായിരുന്ന ഡോ. എപിജെ അബ്ദുള്‍കലാം, റഷ്യന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രിയായിരുന്ന എന്‍വി മിഖാലോവും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. 1998 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ വെച്ചായിരുന്നു ഇരുവരും കരാറിലൊപ്പിട്ടത്.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദി, റഷ്യയിലെ മോസ്‌കോവ് നദി എന്നിവയില്‍ നിന്നാണ് മിസൈലിന് ബ്രഹ്മോസ് എന്ന പേരിട്ടത്. തുടര്‍ന്ന് 1998ലെ കരാറിന്റെ ഭാഗമായി ഡിആര്‍ഡിഒയും എന്‍പിഒ മഷിനോസ്ട്രോയേനിയയും (എന്‍പിഒഎം) സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് രൂപീകരിച്ചു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

2001 ജൂണ്‍ 12ന് ബ്രഹ്മോസ് മിസൈല്‍ ആദ്യ പരീക്ഷണം നടത്തുകയും ചെയ്തു. ഒഡിഷയിലെ ചാന്ദിപൂരിലായിരുന്നു മിസൈലിന്റെ ആദ്യപരീക്ഷണം നടത്തിയത്. അവിടന്നിങ്ങോട്ട് നിരവധി വികസന പ്രക്രിയകളിലൂടെ കടന്നുപോയാണ് ഇന്ന് കാണുന്ന മിസൈല്‍ രൂപപ്പെടുത്തിയെടുത്തത്.

ബ്രഹ്മോസ് മിസൈലിന്റെ പ്രധാന സവിശേഷതകള്‍

ടൂ സ്റ്റേജ് മിസൈലാണ് ബ്രഹ്മോസ്. ആദ്യ സ്റ്റേജില്‍ സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്ററും രണ്ടാം ഘട്ടത്തില്‍ ലിക്വിഡ് റാംജെറ്റ് സംവിധാനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദൂര സ്ഥാനത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടാനാകുന്ന മിസൈലാണിത്. ഇതിലൂടെ എതിരാളിയില്‍ നിന്നുള്ള പ്രതിരോധ ആക്രമണം ഒഴിവാക്കാനും സാധിക്കും.

ഇന്ത്യന്‍ കരസേനയും നാവിക സേനയും വ്യോമസേനയും മിസൈലിന്റെ വ്യത്യസ്ത പതിപ്പുകളുടെ പരീക്ഷണങ്ങള്‍ സ്ഥിരമായി നടത്തിവരുന്നുണ്ട്. കുറഞ്ഞ റഡാര്‍ സിഗ്നേച്ചറും ഉയര്‍ന്ന സൂപ്പര്‍ സോണിക് വേഗതയുമുള്ള മിസൈലാണിത്.

കരയില്‍ നിന്നും, യുദ്ധകപ്പലുകള്‍, അന്തര്‍വാഹിനികള്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ പതിപ്പുകള്‍ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറി വരികയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നുമുണ്ട്.

’’ ലോകരാജ്യങ്ങളുടെ ഇഷ്ട സൂപ്പര്‍സോണിക് മിസൈലാണിത്. മാക്-3 വേഗതയില്‍ സൂപ്പര്‍സോണിക് മോഡില്‍ വിക്ഷേപിച്ചാല്‍ ശത്രുവിന് പ്രതികരിക്കാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ മിസൈല്‍ ലക്ഷ്യം ഭേദിക്കും,’’ എന്ന് ഇന്ത്യന്‍ നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശേഷാദ്രി വാസന്‍ പറഞ്ഞു

ഈ മിസൈലിന്റെ കൃത്യതയും വൈവിധ്യവും അതിനെ സമാനതകളില്ലാത്തതാക്കുന്നുവെന്നാണ് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുതന്നെയാണ് മിസൈലിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. മാത്രമല്ല മിസൈലിന്റെ നിര്‍മ്മാണ ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow