പിവി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവം; മരണകാരണം ആഴത്തിലുള്ള മുറിവുകള്‍; കൊലപാതകം പ്രതിയുടെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്

Feb 24, 2024 - 16:00
 0
പിവി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവം; മരണകാരണം ആഴത്തിലുള്ള മുറിവുകള്‍; കൊലപാതകം പ്രതിയുടെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്

കോഴിക്കോട് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് പിവി സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും കഴുത്തിലുമാണ് മുറിവുകള്‍.

സത്യനാഥനോട് പ്രതി അഭിലാഷിനുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി അഭിലാഷ് നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായും ഇതിനെ സത്യനാഥന്‍ ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരണയായതെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ സത്യനാഥനും അഭിലാഷും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യനാഥന്റെ വീട് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതി അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇയാളെ നിലവില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10ന് ചെറിയപ്പുറം പരദേവത ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ക്കിടെയായിരുന്നു സംഭവം നടന്നത്. ക്ഷേത്ര പരിസരത്ത് നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം അരങ്ങേറിയത്.

പ്രതി സത്യനാഥന്റെ അയല്‍വാസിയും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകനുമായിരുന്നു. അഭിലാഷിന്റെ ആക്രമണത്തെ തുടര്‍ന്ന് സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായതായി ആശുപത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍ ജോലി ചെയ്യുന്ന അഭിലാഷ് കൊലയ്ക്ക് ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ആണെന്നും സംശയിക്കുന്നു.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദത്തിലായിട്ടുണ്ട്.

ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച് എം സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശും വിമര്‍ശനവുമായി രംഗത്ത് വന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow