'സൗജന്യമായി അഞ്ച് പശുക്കളെ നൽകും'; കുട്ടികർഷകരുടെ വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും
ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായ വാഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്.
മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.
അതേസമയം മാത്യു ബെന്നിക്ക് സഹായഹസ്തവുമായി നടന്‍ ജയറാം എത്തിയിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് ജയറാം കൈമാറി. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തിയാണ് തുക കൈമാറിയത്.
What's Your Reaction?