ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കണം: അഡ്വ. പി. സതീദേവി

Dec 19, 2023 - 16:59
Dec 19, 2023 - 17:01
 0
ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന്  നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കണം: അഡ്വ. പി. സതീദേവി

സ്ത്രീകളിലെ ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതിന് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് നിര്‍ണയിക്കപ്പെടുന്നത്. ഇതിനാല്‍ മുന്‍കൂട്ടി രോഗം കണ്ടെത്തുന്നതിന് ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കണം. സ്ഥനാര്‍ബുദം, ഗര്‍ഭാശയം തുടങ്ങിയ ക്യാന്‍സര്‍  ബാധിതരായിട്ടുള്ള 260 ഓളം സ്ത്രീകളുണ്ടെന്നാണ്  ഗ്രാമപഞ്ചായത്തിന്റെ കണക്ക്. രോഗവ്യാപനം ഉണ്ടാകാതെ ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.  

പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് രക്ഷിതാക്കള്‍ മുന്നോട്ട് വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായി പെണ്‍കുട്ടികൾ മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, അടുത്തകാലത്തായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീ പീഡന കേസുകള്‍, സ്ത്രീധന മരണ കേസുകള്‍ എടുത്തു പരിശോധിച്ചാല്‍ വിദ്യാസമ്പന്നരായിട്ടുള്ള കുടുംബങ്ങള്‍ക്ക് അകത്തു തന്നെയാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെന്ന് കാണാം.  അടുത്തിടെയാണ്, വളരെ വേദനയോടെ പി.ജി. വിദ്യാര്‍ത്ഥിനിയായ ഒരു ഡോക്ടര്‍ പണത്തോട് ആര്‍ത്തി മൂത്ത ഈ സമൂഹത്തോട് കലഹിച്ച് ജീവിതം ഹോമിക്കാന്‍ ഇടയായത്. ജീവിതത്തിലുണ്ടാകുന്ന വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കാത്ത മാനസിക അവസ്ഥയിലേക്ക് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ എത്തിച്ചേരുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് വേണം പ്രശ്‌നങ്ങളെ നമുക്ക് കാണാന്‍.

പൊങ്ങച്ച മനോഭാവം ഈ സമൂഹത്തെ ആകെ ഗ്രസിക്കുകയാണ്. ഇടത്തരക്കാര്‍ കാട്ടുന്ന പൊങ്ങച്ചത്തോട് കിടപിടിക്കുന്ന മത്സരാധിഷ്ഠിതമായുള്ള പ്രവണതകള്‍ ഏറ്റവും പാവപ്പെട്ട കുടുംബങ്ങളില്‍ പോലും ഉണ്ടാകുന്നു. അത്തരം കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെ കല്യാണത്തോടെ തകരാന്‍ ഇടയാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു വേണ്ടിയും ആവശ്യമായ ബോധവല്‍ക്കരണ പ്രവത്തനങ്ങള്‍ നടത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ടുമാണ് തീരദേശ മേഖലയിലും മലയോര മേഖലയിലും വനിതാ കമ്മിഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നതെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരിലേക്ക് ചെന്നു നേരിട്ടു മനസിലാക്കി പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുന്ന വനിതാ കമ്മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. രാജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. വേണുലാല്‍, ആര്‍. രാജി, ഗ്രാമപഞ്ചായത്തംഗം ഇ. ഫാസില്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ബെന്നി വില്യം, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow