നയതന്ത്ര ഭിന്നത പരിഹരിക്കാൻ ഇന്ത്യയുമായി രഹസ്യ ചർച്ച വേണമെന്ന് കാനഡ

Oct 5, 2023 - 01:32
 0
നയതന്ത്ര ഭിന്നത പരിഹരിക്കാൻ ഇന്ത്യയുമായി രഹസ്യ ചർച്ച വേണമെന്ന് കാനഡ

ഖാലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടിന് പിന്നാലെയാണ് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യയുമായുള്ള സ്വകാര്യ സംഭാഷണത്തിന് താൽപര്യം പ്രകടിപ്പിച്ചത്.

ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് കൃത്യമാണോ എന്ന് ചോദിച്ചപ്പോൾ മെലാനി ജോളിയോ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോ പ്രതികരിച്ചില്ല.

“ഞങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നം പരിഹരിക്കാൻ നയതന്ത്ര സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയുമായി സ്വകാര്യ സംഭാഷങ്ങൾ നടത്താനുള്ള ശ്രമം തുടരും,” ജോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാനഡയിൽ ജൂണിൽ സിഖ് വിഘടനവാദി നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ സംശയത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. എന്നാൽ ഈ ആരോപണം അസംബന്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യ തള്ളിക്കളഞ്ഞു.

 

ഒക്‌ടോബർ 10ന് ശേഷവും രാജ്യത്ത് തുടർന്നാൽ 41 നയതന്ത്ര ഉദ്യോഗസ്ഥരുടെ നയതന്ത്രപ്രതിരോധം റദ്ദാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതായി ഫിനാൻഷ്യൽ ടൈംസ് പറഞ്ഞു. കാനഡയിൽനിന്ന് 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്.

ഇന്ത്യ സെപ്തംബർ 22-ന് കനേഡിയൻമാർക്കുള്ള പുതിയ വിസ താൽക്കാലികമായി നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

തർക്കം രൂക്ഷമാക്കാൻ ഒട്ടാവ ശ്രമിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow