ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ ബഹുദൂരം മുന്നിൽ, രണ്ടാമത് ബിജെപി
ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. രാത്രി എട്ടു മണിവരെയുള്ള വിവരം അനുസരിച്ച് 33,368 ഗ്രാമപഞ്ചായത്ത് സീറ്റുകൾ തൃണമൂൽ നേടി. ബിജെപിക്ക് 5,898 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് – ഇടത് സഖ്യം 3,547 സീറ്റുകൾ നേടി. ഇതിൽ കോൺഗ്രസിന് 1,452 സീറ്റുകളും ഇടതു പാർട്ടികൾക്ക് 2,095 സീറ്റുകളും ലഭിച്ചു
ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. രാത്രി എട്ടു മണിവരെയുള്ള വിവരം അനുസരിച്ച് 33,368 ഗ്രാമപഞ്ചായത്ത് സീറ്റുകൾ തൃണമൂൽ നേടി. ബിജെപിക്ക് 5,898 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് – ഇടത് സഖ്യം 3,547 സീറ്റുകൾ നേടി. ഇതിൽ കോൺഗ്രസിന് 1,452 സീറ്റുകളും ഇടതു പാർട്ടികൾക്ക് 2,095 സീറ്റുകളും ലഭിച്ചു. ഇതോടെ തൃണമൂലിനു പിന്നാലെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടും സ്വതന്ത്രരും അടക്കമുള്ള മറ്റുള്ളവർ ആകെ 1,389 സീറ്റുകളാണ് നേടിയത്.
ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ രണ്ടാം തട്ടായ പഞ്ചായത്ത് സമിതിയിലും തൃണമൂലിനു തന്നെയാണ് വൻ ആധിപത്യം. തൃണമൂൽ 1,195 സീറ്റുകൾ നേടിയപ്പോൾ ഇടതു സഖ്യം മൂന്നും, ബിജെപിയും കോൺഗ്രസും രണ്ടു വീതവുമാണ് സീറ്റുകൾ നേടിയത്. മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു. ജില്ലാ പരിഷത്തിൽ 46 സീറ്റുകളുടെ ഫലം മാത്രമേ രാത്രി എട്ടു മണിവരെ വന്നിട്ടുള്ളു. ഇതിൽ തൃണമൂൽ വിജയിക്കുകയും വലിതതോതിൽ ലീഡ് ചെയ്യുകയോ ചെയ്യുന്നു
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. ‘മമതയ്ക്ക് വോട്ട് രേഖപ്പെടുത്തരുത്’ (നോ വോട്ട് ടു മമത) എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ‘മമതയ്ക്ക് ഇപ്പോൾ വോട്ട് രേഖപ്പെടുത്തൂ’ (നൗ വോട്ട് ടു മമത) എന്നാക്കി ജനങ്ങളെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിനുള്ള വഴിയായി ഇതു മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളിൽ 15 പേരാണു ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളിൽ റീപോളിങ് നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും ഇതേ ആവശ്യമുന്നയിച്ച് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹർജികൾ സ്വീകരിച്ച കോടതി ബുധനാഴ്ച വാദം കേൾക്കും. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ നടക്കുക. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു.
വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളിൽ സംഘർഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാർബറിൽ ബോംബേറ് നടന്നതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിലേർപ്പെടുന്നവർക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിലെ അക്രമസംഭവങ്ങളിൽ ഇതുവരെ മരിച്ചത് 15 പേരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരും തൃണമൂലിന്റെ പ്രവർത്തകരാണ്. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇതുമായി ബന്ധപ്പെട്ട് 33 പേർ മരിച്ചുവെന്നും ഇതിൽ 60% ഭരണകക്ഷിയുടെ ആളുകൾ ആണെന്നുമാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ വീണ്ടും അക്രമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതരും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിരവധി ആളുകളെ കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിട്ടില്ലെന്ന് ബിജെപി എംഎല്‍എ അഗ്നിമിത്ര പോള്‍ പറഞ്ഞു. വന്‍തോതില്‍ വെടിവയ്പും ബോംബേറും കള്ളവോട്ടും നടന്നു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയില്ല. ബിജെപി കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല.
വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് 696 സീറ്റുകളിൽ തിങ്കളാഴ്ച റീ പോളിങ് നടന്നിരുന്നു. ശനിയാഴ്ച 80.71% പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച നടന്ന റീപോളിങ്ങിൽ വൈകിട്ട് അഞ്ചു മണിവരെ 69.85% ആയിരുന്നു പോളിങ്.
English Summary: West Bengal rural poll trends: Trinamool winning big; BJP pips Congress-Left for second spot
What's Your Reaction?