'60 വയസ് കഴിഞ്ഞവർക്ക് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും'; മുഖ്യമന്ത്രി

Jul 11, 2023 - 18:02
 0

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവർക്ക് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ  പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിർദ്ദേശം നൽകിയത്.

എല്ലാ ബ്ലോക്കിലും വയോമിത്രം കോർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ  മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോർട്ട് പരിശോധിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.

ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്ഥല സൗകര്യം  ഒരുക്കണമെന്നാണ് നിഷ്കർഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ മന്ദിരം സന്ദർശിച്ച് ഇതുൾപ്പെടെയുള്ള  കാര്യങ്ങൾ ഉറപ്പുവരുത്തണം. സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow