ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാര്‍ പങ്കെടുത്തത് വിമര്‍ശിച്ച സജി ചെറിയാനെതിരെ കെ.സി.ബി.സി.

Jan 1, 2024 - 18:45
Jan 1, 2024 - 18:46
 0
ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാര്‍ പങ്കെടുത്തത് വിമര്‍ശിച്ച സജി ചെറിയാനെതിരെ കെ.സി.ബി.സി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാര്‍ പങ്കെടുത്തത് വിമര്‍ശിച്ച സജി ചെറിയാനെതിരെ കെ.സി.ബി.സി. പരാമര്‍ശം അനുചിതമാണ്. മന്ത്രിസ്ഥാനത്തിന്‍റെ ഔന്നത്യത്തിനുസരിച്ച് അഭിപ്രായപ്രകടനം നടത്തണമെന്നും കെ.സി.ബി.സി വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. കെ.ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണെന്നും ഇത് പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് കിട്ടുന്നതാണോയെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നുമായിരുന്നു സജി ചെറിയാന്‍റെ പരാമര്‍ശം. വിരുന്നിന് പോയ ബിഷപ്പുമാർ  മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ലെന്നും അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിക്കുവേണം അദ്ദേഹം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍. അദ്ദേഹം ഒരു മന്ത്രിയാണ്. സാധാരണക്കാരനല്ല. അപ്പോള്‍ ഔന്നത്യമുള്ള സ്ഥാനത്തിരിക്കുന്ന ആള്‍ ഔന്നത്യത്തിന് യോജിച്ച വിധം പ്രതികരിക്കണം.

കെ.സി.ബി.സി. നടത്തിയ ക്രിസ്മസ് വിരുന്നിനെ കുറിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഒരു പ്രസ്താവന നടത്തി. ഈ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. അതുകൊണ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവര്‍ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കുന്നത്. അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ഉന്നതമമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ വളരെ ഔചിത്യപൂര്‍ണമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുവേണം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍, ഫാദര്‍ പാലക്കാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow