'നിങ്ങളുടെ ഭീഷണി ആര് വകവെയ്ക്കുന്നു, മിസ്റ്റർ ഗോവിന്ദൻ?' സിപിഎം സെക്രട്ടറിക്കെതിരെ വി.ഡി സതീശൻ

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു

Jun 12, 2023 - 05:28
 0
'നിങ്ങളുടെ ഭീഷണി ആര് വകവെയ്ക്കുന്നു, മിസ്റ്റർ ഗോവിന്ദൻ?' സിപിഎം സെക്രട്ടറിക്കെതിരെ വി.ഡി സതീശൻ

എസ്‌എഫ്‌ഐക്കെതിരായി ക്യാംപയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം അഹങ്കാരം നിറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ‘അധികാരം നല്‍കിയ ധിക്കാരത്തിന്റെ പ്രതിഫലനമാണത്. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റര്‍ ഗോവിന്ദന്‍’- വിഡി സതീശൻ ചോദിച്ചു.

സംസ്ഥാനത്തു നടക്കുന്നത് മാധ്യമവേട്ടയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നത് അതുപോലെ കേരളത്തില്‍ അനുകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാന്‍ പോകുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേയല്ല, മുഖ്യമന്ത്രിയേയാണ് ഭരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസിന്‍റെ വിശ്വാസ്യത തകര്‍ന്നു. പൊലീസ് കൈയ്യും കാലും വിറച്ചാണ് ജോലി ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

കുട്ടിസഖാക്കള്‍ചെയ്യുന്ന കൊടുംപാതകങ്ങള്‍ക്ക് കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് സി.പി.എമ്മിന്. കാട്ടാക്കടയില്‍ ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ നേതാവ് ഇപ്പോഴും റോഡിലൂടെ വെല്ലുവിളിച്ച് നടക്കുകയാണ്. ഒരു പൊലീസും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. ഗസ്റ്റ് ലക്ചര്‍ ആയിരുന്നെന്ന വ്യാജ രേഖയുണ്ടാക്കിയ വനിതാ നേതാവും സ്വതന്ത്രമായി നടക്കുകയാണ്. അവര്‍ക്ക് ഒത്താശ ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും വെറുതെ നടക്കുകയാണ്. എന്നിട്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നത്.

ഒരിക്കലും അനുവദിക്കാനാകാത്ത മാധ്യമ വേട്ടയാണിത്. എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടും ഏഷ്യാനെറ്റിലെ ഒരു മാധ്യമ പ്രവര്‍ത്തകയെ മാത്രം തെരഞ്ഞ് പിടിച്ച് കേസെടുത്തു. ഇവരൊക്കെ എങ്ങനെയാണ് ഗൂഡാലോചനയില്‍ പങ്കാളികളാകുന്നത്? കുറ്റകൃത്യം ചെയ്തവരാണ് വാദികള്‍ക്കും റിപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്നത്. അതിന്റെ പേരില്‍ കേസെടുത്ത് അവരെ പ്രതികളാക്കി അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയാല്‍ നിരന്തരമായ സമരങ്ങള്‍ക്ക് സംസ്ഥാനം സാക്ഷിയാകും. ഇതൊന്നും ഒരു കാരണവശാവും വച്ചുപൊറുപ്പിക്കാനാകില്ല. ഇതിന് മുന്നിലൊന്നും മുട്ട് മടക്കില്ല.

ഇത്രയും ഭീരുവായൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. ആരെങ്കിലും സമരം ചെയ്താല്‍ അവരൊക്കെ മാവോയിസ്റ്റുകളും തീവ്രവാദികളും അര്‍ബന്‍ നെക്‌സലൈറ്റുകളുമാണെന്ന് പറയും. അദ്ദേഹം കുടപിടിച്ചു കൊടുക്കുന്ന കുറ്റവാളികളായ സഖാക്കള്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ കേസെടുക്കും. ഇത് കേരളത്തില്‍ അനുവദിക്കില്ല. അതിനെതിരായ ശക്തമായ പോരാട്ടം നാളെ മുതലുണ്ടാകും. അടിയന്തിരമായി വ്യാജ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow