മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി; മടക്കം യുഎഇ വഴി

Jun 9, 2023 - 17:17
 0
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി; മടക്കം യുഎഇ വഴി

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂൺ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.

മുഖ്യമന്ത്രിയ്ക്കൊപ്പം ഭാര്യ കമല, ജോൺ ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമുണ്ട്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. തുട‍ര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.

 

പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര.

 

അമേരിക്ക, ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കും. ക്യൂബയിൽ നിന്ന് ജൂൺ 17ന് മുഖ്യമന്ത്രി ദുബായിൽ എത്തും. ജൂൺ 18 ന് കേരള സ്റ്റാർട്ട്‌ അപ്പ്‌ ഇൻഫിനിറ്റി സെന്റർ ദുബായിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow