പരിവാഹൻ സൈറ്റിലൂടെ ഉടമസ്ഥരുടെ ഫോൺ നമ്പര്‍ മാറ്റും; ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്യും; ബുള്ളറ്റ് മോഷണ സംഘം പിടിയിൽ

യഥാർത്ഥ ഉടമസ്ഥരുടെ ഫോൺ നമ്പർ പരിവാഹൻ ഓൺലൈൻ സൈറ്റിലൂടെ മാറ്റിയും എൻജിൻ നമ്പറിലും ഷാസി നമ്പറിലും മാറ്റം വരുത്തിയും ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി

May 29, 2023 - 18:49
 0
പരിവാഹൻ സൈറ്റിലൂടെ ഉടമസ്ഥരുടെ ഫോൺ നമ്പര്‍ മാറ്റും; ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്യും; ബുള്ളറ്റ് മോഷണ സംഘം പിടിയിൽ

അന്തർ ജില്ലാ ബൈക്ക് മോഷണസംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം കുറ്റിച്ചൽ പഞ്ചായത്ത് കോട്ടൂർ ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരൻ സബിത്ത് (19), തിരുവനന്തപുരം കരമന കാലടി കോടൽ വീട്ടിൽ കാർത്തിക്ക് (18) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽനിന്നായി റോയൽ എൻഫീൽഡിന്റെ ഏഴു ബുള്ളറ്റുകളാണ് ഇവർ മോഷ്ടിച്ചത്.

മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്. മാരാരിക്കുളം കളിത്തട്ടിന് സമീപം വാടക വീട്ടിൽ താമസിച്ചാണ് ഇവർ മോഷണം നടത്തിയത്. യഥാർത്ഥ ഉടമസ്ഥരുടെ ഫോൺ നമ്പർ പരിവാഹൻ ഓൺലൈൻ സൈറ്റിലൂടെ മാറ്റിയും എൻജിൻ നമ്പറിലും ഷാസി നമ്പറിലും മാറ്റം വരുത്തിയും ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി.

 

പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വീട്ടിൽ നിന്നും വ്യാജമായി ആർസി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും ഡ്യൂപ്ലിക്കറ്റ് താക്കോലുകളും കണ്ടെടുത്തു. ഇവർ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ബുള്ളറ്റ് മോഷണ കേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു.

 

മൂന്നു പ്രതികൾക്കെതിരേയും എറണാകുളം മരട്, സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഒന്നാംപ്രതി സൗദ്, നെയ്യാർ ഡാം പൊലീസ് രജിസ്റ്റർചെയ്ത കള്ളനോട്ടുകേസിലെ പ്രതിയാണ്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജു, എസ് ഐ ഇ എം സജീർ, എഎസ്ഐ ജയദേവ്, നിഷ, സിപിഒമാരായ സുരേഷ്, ബിനു, സജീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow