ഹിൻഡൻബർഗ് റിപ്പോർട്ടിലെ അദാനിക്കെതിരായ പരാമർശം; അന്വേഷണത്തിന് സമയം ചോദിച്ച സെബിയുടെ അപേക്ഷ മാറ്റി
എന്നാൽ 51 ഇന്ത്യൻ കമ്പനികൾ ഇത്തരത്തിൽ അന്വേഷണം നേരിടുന്നതിൽ അദാനിയുടെ കമ്പനി ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെബി ഇന്ന് ഒരു സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്,

ഹിൻഡർബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുള്ള സെബിയുടെ അപേക്ഷയിൽ ഉത്തരവ് നാളെ. 2016 മുതൽ അന്വഷണം നേരിടുന്ന സ്ഥാപനങ്ങളിൽ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഈ വിഷയത്തിൽ ഉത്തരവ് നൽകാമെന്നായിരുന്നു കഴിഞ്ഞ വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് ജസ്റ്റീസ് എംആർ ഷാ വിരമിക്കുന്ന ദിവസമാണ് . അദ്ദേഹത്തിന് സുപ്രീം കോടതി യാത്രയയപ്പ് നൽകുന്ന സാഹചര്യത്തിൽ കോടതികൾ നേരത്തെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സെബിയുടെ അപേക്ഷയിൽ ഉത്തരവ് നൽകാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.
51 കമ്പനികളിൽ അന്വേഷണം നടക്കുന്നുണ്ട്. അതിൽ അദാനിയുടെ കമ്പനികൾ അടക്കം ഉണ്ടെന്നുള്ള കാര്യം ഈ കേസിലെ ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 51 ഇന്ത്യൻ കമ്പനികൾ ഇത്തരത്തിൽ അന്വേഷണം നേരിടുന്നതിൽ അദാനിയുടെ കമ്പനി ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെബി ഇന്ന് ഒരു സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്, ആറ് മാസത്തെ കാലാവധിയാണ് അന്വേഷണം പൂർത്തിയാക്കാൻ സെബി ചോദിച്ചത്. എന്നാൽ മൂന്ന് മാസം നൽകാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാളെ ഇത് സംബന്ധിച്ച ഉത്തരവുണ്ടാകും.
What's Your Reaction?






