39.8 ലക്ഷം മീറ്റര്‍ കൈത്തറി തുണി; 81.26 കോടി രൂപയുടെ പദ്ധതി; 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമായി;
സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിന്റെയും പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. 2024-25 അധ്യയന വര്‍ഷത്തില്‍ 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 39.8 ലക്ഷം മീറ്റര്‍ കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്. ഇതിനോടകം 81.26 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും ഒന്നു മുതല്‍ നാലു വരെയുള്ള സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം നല്‍കുന്നത്.
കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളില്‍ ജോലിചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് 100 രൂപയില്‍ താഴെ ദിവസക്കൂലിയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് നെയ്ത്തുകാര്‍ക്ക് തൊഴില്‍ ലഭിച്ചതെങ്കില്‍, ഈ പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ദിവസ വരുമാനവും 250ല്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളും ലഭ്യമാകുന്നുണ്ട്.
കൈത്തറി മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമാക്കി സര്‍ക്കാര്‍ 2016-17 സാമ്പത്തിക വര്‍ഷം മുതലാണ് സൗജന്യ കൈത്തറി സ്ക്കൂള് യൂണിഫോം പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം എല്ലാ വര്‍ഷവും സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഗുണമേന്മയേറിയ കൈത്തറി തുണി (രണ്ട് ജോടി വീതം) നല്‍കിവരികയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
What's Your Reaction?