ഇറാൻ കപ്പൽ വീണ്ടും പിടിച്ചെടുക്കാൻ യുഎസ് ഉത്തരവ്
ഇറാനിയൻ കപ്പല്‍ ഗ്രേസ്–1 വിട്ടുനൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടതിനു പിന്നാലെ കപ്പൽ പിടിച്ചെടുക്കാൻ യുഎസ് നീതിവകുപ്പ് വാറന്റ് പുറപ്പെടുവിച്ചു. വാഷിങ്ടനിലെ യുഎസ് ഫെഡറല്‍ കോടതിയാണു
ഇറാനിയൻ കപ്പല്‍ ഗ്രേസ്–1 വിട്ടുനൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടതിനു പിന്നാലെ കപ്പൽ പിടിച്ചെടുക്കാൻ യുഎസ് നീതിവകുപ്പ് വാറന്റ് പുറപ്പെടുവിച്ചു. വാഷിങ്ടനിലെ യുഎസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണു നിര്‍ദേശം. പാരഡൈസ് ഗ്ലോബല്‍ ട്രേഡിങ് എന്ന ഇറാനിയന്‍ കമ്പനിയുടെ പേരില്‍ ഒരു അമേരിക്കന്‍ ബാങ്കിലുള്ള 995,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവിലുണ്ട്.
കപ്പലും സ്ഥാപനവും രാജ്യാന്തര സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചുവെന്നും ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരരെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചരക്കുനീക്കത്തിന്റെ മറവില്‍ കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കലാണു നടക്കുന്നതെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ഇതിലെ കക്ഷികള്‍ക്ക് ഇറാനിലെ ഇസ്്‌ലാമിക് റെവലൂഷണറി ഗാര്‍ഡുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. വിദേശ ഭീകരസംഘടനയായാണ് ഇസ്്‌ലാമിക് റെവലൂഷണറി ഗാര്‍ഡിനെ അമേരിക്ക കണക്കാക്കുന്നത്.
2.1 മില്യൻ ബാരല്‍ എണ്ണയുമായി പോയിരുന്ന ഗ്രേസ് 1 കപ്പൽ ജൂലൈ നാലിനാണ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാരോപിച്ചാണ് കപ്പൽ ബ്രിട്ടൻ പിടികൂടിയത്. എന്നാല്‍ യുഎസിന്റെ എതിര്‍പ്പു നിലനില്‍ക്കെ കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാൾട്ടർ കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
കോടതി ഉത്തരവിനു പിന്നാലെ, പകപോക്കൽ നടപടിയെന്ന നിലയിൽ കപ്പലിലെ നാവികർക്ക് വീസ അനുവദിക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ റജിസ്ട്രേഷൻ ഇറാനിലേക്കു മാറ്റാമെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനം യൂറോപ്യൻ യൂണിയൻ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയച്ചത്. എന്നാൽ ഗ്രേസ്–1 വിട്ടയയ്ക്കാൻ ഉത്തരവിട്ട ജിബ്രാൾട്ടർ സുപ്രീം കോടതിക്ക് ഒരുതരത്തിലുമുള്ള ഉറപ്പുകളും നൽകിയിട്ടില്ലെന്ന് ഇറാൻ മറുപടി നൽകി. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്നു സിറിയയിലേക്ക് എണ്ണ കൊടുക്കില്ലെന്ന് ടെഹ്റാൻ ഉറപ്പുനൽകിയതോടെയാണു കപ്പൽ വിട്ടയച്ചതെന്ന അവകാശവാദവും ഇറാൻ തള്ളി.
‘ഗ്രേസ്–1 വിട്ടുകിട്ടാൻ ഇറാൻ യാതൊരു ഉറപ്പുകളും നൽകിയിട്ടില്ല. നേരത്തേ പറഞ്ഞതുപോലെ സിറിയ ആയിരുന്നില്ല കപ്പലിന്റെ ലക്ഷ്യസ്ഥാനം. അഥവാ അതു സിറിയയിലേക്കായിരുന്നാൽ തന്നെയും അതിൽ മറ്റാർക്കും ഇടപെടേണ്ട ആവശ്യമില്ല’– ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. സിറിയയ്ക്ക് എണ്ണ നൽകില്ലെന്ന് എഴുതി നൽകിയതിനാലാണു കപ്പൽ വിട്ടുകൊടുക്കാൻ കോടതി തയാറായതെന്നാണു ജിബ്രാൾട്ടർ പ്രദേശത്തെ മുഖ്യമന്ത്രി ഫാബിയാൻ പിക്കാർഡോ പറഞ്ഞത്.
‘ഗ്രേസ് വൺ’ മോചിപ്പിച്ചതോടെ, ബന്തർ അബ്ബാസിൽ ഇറാൻ തടഞ്ഞുവച്ച ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപെറോ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമായി. ഈ വിഷയത്തിൽ ഇടപെടണമെന്ന് സ്റ്റെന ഇംപെറോ ടാങ്കറിന്റെ ഉടമകളായ സ്റ്റേന ബൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കമ്പനി പ്രസിഡന്റും സിഇഒയുമായ എറിക് ഹാനെലാണ് കപ്പലിലെ 18 ഇന്ത്യൻ നാവികരുടെ മോചനത്തിനായി ഇടപെടണം എന്ന് മോദിയോട് അഭ്യർഥിച്ചത്. റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രാലയങ്ങളോടും കമ്പനി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എണ്ണക്കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുവെന്നാണ് ഇറാന്റെ ആരോപണം.
കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ ‘പൗർണമി’യിൽ പി.പുരുഷോത്തമന്റെ മകൻ തേഡ് എൻജിനീയർ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂർ ചെട്ടിയാറമ്മൽ കിടുകിടുപ്പൻ വീട്ടിൽ അബ്ബാസിന്റെ മകനായ ജൂനിയർ ഓഫിസർ കെ.കെ.അജ്‌മൽ (27), ഗുരുവായൂർ മമ്മിയൂർ മുള്ളത്ത് ലൈനിൽ ഓടാട്ട് രാജന്റെ മകൻ സെക്കൻഡ് ഓഫിസർ റെജിൻ (40) എന്നിവരാണു ഗ്രേസ്–1 കപ്പലിലുള്ള മലയാളികൾ. സ്റ്റെന ഇംപറോ കപ്പലിൽ മൂന്നു മലയാളികളാണുള്ളത്
What's Your Reaction?