ഇന്ത്യ ധര്‍മശാലയല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ; കുടിയേറ്റ ബില്ല് ലോക്‌സഭ പാസാക്കി

Mar 28, 2025 - 17:35
 0
ഇന്ത്യ ധര്‍മശാലയല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ; കുടിയേറ്റ ബില്ല് ലോക്‌സഭ പാസാക്കി
കുടിയേറ്റ ബില്ലിന് വ്യാഴാഴ്ച ലോക്‌സഭ അംഗീകാരം നല്‍കി. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ബിസിനസ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്കായി ഇന്ത്യയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഒരു ധര്‍മശാല(ലോഡ്ജ്) അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025ല്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കവെ തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. 2026ല്‍ പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പശ്ചിമബംഗാളിൽ കൂടിയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കുടിയേറ്റമെന്നത് ഒരു പ്രത്യേക വിഷയമല്ല. രാജ്യത്തിന്റെ പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ സുരക്ഷയുടെ ഭാഗമായി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആരാണ് പ്രവേശിക്കുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നവരെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. രാജ്യം ഒരു ധര്‍മശാലയല്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാന്‍ ആരെങ്കിലും രാജ്യത്തേക്ക് വന്നാല്‍, അവരെ എപ്പോഴും സ്വാഗതം ചെയ്യുന്നു,'' അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന മമത ബാനര്‍ജി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിന് സ്ഥലം വിട്ടു നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

''വേലി കെട്ടുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഭൂമി നല്‍കാത്തതിനാല്‍ 450 കിലോമീറ്റര്‍ ദൂരം വേലി കെട്ടല്‍ ജോലികള്‍ മുടങ്ങി കിടക്കുകയാണ്. വേലി കെട്ടല്‍ പ്രക്രിയ നടക്കുമ്പോഴെല്ലാം ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിക്കുകയും മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നുഴഞ്ഞു കയറ്റക്കാരോട് കരുണ കാണിക്കുന്നതിനാല്‍ അവിടെ വേലി കെട്ടല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല,'' അദ്ദേഹം പറഞ്ഞു

''ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായാലും റോഹിംഗ്യകളായാലും മുമ്പ് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അവര്‍ ആസാം വഴിയാണ് ഇന്ത്യയിലേക്ക് വന്നിരുന്നത്. ഇപ്പോള്‍ അവര്‍ പശ്ചിമബംഗാള്‍ വഴിയാണ് ഇന്ത്യയിലേക്ക് കടക്കുന്നത്. ആരാണ് അവര്‍ക്ക് ആധാര്‍ കാര്‍ഡുകളും പൗരത്വവും നല്‍കുന്നത്. പിടിക്കപ്പെട്ട എല്ലാ ബംഗ്ലാദേശികള്‍ക്കും 24 പര്‍ഗനാസ് ജില്ലയില്‍നിന്നുള്ള ആധാര്‍ കാര്‍ഡുകളുണ്ട്. 2026ല്‍ പശ്ചിമബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. അപ്പോള്‍ ഞങ്ങള്‍ ഇത് അവസാനിപ്പിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആറ് അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവര്‍ സിഎഎ വഴി രാജ്യത്ത് അഭയം തേടുന്നുണ്ടെന്ന് ഷാ പറഞ്ഞു. ''ഇന്ത്യ ഒരു ഭൂ-സാംസ്‌കാരിക രാഷ്ട്രമാണ്. ഭൗമ-രാഷ്ട്രീയ രാഷ്ട്രമല്ല. പേര്‍ഷ്യക്കാര്‍ ഇന്ത്യയിലേക്ക് വന്നു. ഇന്ന് അവര്‍ രാജ്യത്ത് സുരക്ഷിതരാണ്. ലോകത്തിലെ ഏറ്റവും ചെറിയ ന്യൂനപക്ഷ സമൂഹം ഇന്ത്യയില്‍ മാത്രമാണ് സുരക്ഷിതരായിരിക്കുന്നത്. ഇസ്രയേലില്‍ നിന്ന് പാലായനം ചെയ്ത ജൂതന്മാര്‍ ഇന്ത്യയില്‍ വന്ന് താമസിച്ചു,'' അദ്ദേഹം പറഞ്ഞു.

ശബ്ദ വോട്ടോടെയാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ പല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അതൊന്നും പരിഗണയ്ക്ക് എടുത്തില്ല. കുടിയേറ്റവും വിദേശികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും കാര്യക്ഷമമാക്കുക എന്നതാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മാണം ലക്ഷ്യമിടുന്നത്. അവരുടെ ഇന്ത്യയിലേക്കുള്ള വരവ്, പുറത്തുപോകല്‍, ഇവിടെയുള്ള താമസം എന്നിവയെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നിലവില്‍ 1939ലെ രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട്, 1946ലെ ഫോറിനേഴ്‌സ് ആക്ട് എന്നിവ വഴിയാണ് ഇത് നിയന്ത്രിക്കുന്നത്.

വിദേശികള്‍ക്ക് എല്ലാ വിഭാഗത്തിലുമുള്ള ഇന്ത്യന്‍ വിസകള്‍ വിദേശത്തുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയമോ പോസ്റ്റുകളോ ഫിസിക്കല്‍ അല്ലെങ്കില്‍ സ്റ്റിക്കര്‍ രൂപത്തില്‍ അനുവദിക്കുന്നുണ്ടെങ്കില്‍ 167 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഏഴ് വിഭാഗങ്ങളിലായി ഇമിഗ്രേഷന്‍ ബ്യൂറോ ഇലക്ട്രോണിക്‌സ് വിസകള്‍ അനുവദിക്കുന്നുണ്ട്.

ഇതിന് പുരമെ ജപ്പാന്‍, ദക്ഷിണ കൊറിയ, യുഎഇ(മുമ്പ് ഇ-വിസ അല്ലെങ്കില്‍ റെഗുകര്‍ അല്ലെങ്കില്‍ പേപ്പര്‍ വിസ നേടിയിരുന്ന യുഎഇ പൗരന്മാര്‍ക്ക് മാത്രം) എന്നീ മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആറ് നിയുക്ത വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ അധികാരികള്‍ വിസ-ഓണ്‍-അറൈവലും അനുവദിക്കുന്നുണ്ട്.

ബില്ലിലെ ചില വ്യവസ്ഥകള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് ഏകപക്ഷീയമായ അധികാരങ്ങള്‍ നല്‍കുന്നവയാണെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. കൂടാതെ, വിശദമായ പരിശോധനയ്ക്കായി ബില്ല് ഒരു സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് അയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow