151 മത്സരങ്ങൾ, 94 ഗോളുകള്‍; ബൂട്ടഴിച്ച് സുനിൽ ഛേത്രി
ഇന്ത്യന്‍ ഫുട്ബോളിന്റെ നായകന് സുനില്‍ ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി നീലക്കുപ്പായത്തില്‍ 151 മത്സരങ്ങളിൽ 94 ഗോളടിച്ച ഛേത്രിക്കും തന്റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139) കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍(0-0) തളച്ചു. ഛേത്രിയുടെ അവസാന മത്സരം കാണാന്‍ അന്‍പതിനായിരത്തിലേറെ കാണികളാണ് സാള്‍ട്ട്ലേക്കിലെത്തിയത്. ഛേത്രിയുടെ ഓരോ ടച്ചും അവര്‍ നിറഞ്ഞ കൈയടികളാല്‍ ആവേശകരമാക്കി.
39ാം വയസിലാണ് ഐതിഹാസിക യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി, ലയണൽ മെസി എന്നിവരാണ് ചേത്രിക്ക് മുന്നിൽ. ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യൻഷിപ്പ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റർ കോണ്ടിനന്റൽ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളിൽ ഛേത്രി പങ്കാളിയായി. അണ്ടർ 20ൽ കളിക്കുമ്പോൾ ഇന്ത്യക്കായി സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഛേത്രി നേടിയിട്ടുണ്ട്.
What's Your Reaction?