ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ല; സുപ്രീംകോടതി

ആശ്രിതനിയമനമെന്നത്( Compassionate Appointment) നിക്ഷിപ്ത അവകാശമല്ലെന്ന് സുപ്രീംകോടതി(Supreme Court). വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറ്റനാണ് ആശ്രിതനിയമനമെന്ന് സുപ്രീംകോടതി.

Dec 18, 2021 - 15:06
 0

ആശ്രിതനിയമനമെന്നത്( Compassionate Appointment) നിക്ഷിപ്ത അവകാശമല്ലെന്ന് സുപ്രീംകോടതി(Supreme Court). വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറ്റനാണ് ആശ്രിതനിയമനമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേയായിരുന്നു നിരീക്ഷണം.

വ്യോമസേനയില്‍ സര്‍വീസിലിരിക്കെ അര്‍ബുദം ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ ആശ്രിതനിയമനത്തിന് നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

ആശ്രിതനിയമനത്തിന് ആവശ്യമായ മെറിറ്റ് പോയന്റ് ഇല്ലെന്ന കാരണത്താലാണ് അതിനുള്ള പരാതിക്കാരിയുടെ അപേക്ഷ തള്ളിയത്. 2008 ല്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് 22.91 ലക്ഷം രൂപ ടെര്‍മിനല്‍ ബെനഫിറ്റും തുടര്‍ന്ന് പ്രതിമാസം 8,625 രൂപ കുടുംബപെന്‍ഷനും നല്‍കിയിരുന്നു. 2018 മുതല്‍ 4,959 രൂപയായി കുറച്ചു.

പെന്‍ഷന്‍ പകുതിയോളം കുറഞ്ഞ സാഹചര്യത്തില്‍ പത്തിന് പകരം 16 മെറിറ്റ് പോയന്റ് കണക്കാക്കി ആശ്രിതനിയമനം നല്‍കണമെന്നായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടത്. അതേസമയം പെന്‍ഷന്‍ നല്‍കുന്നുവെന്ന കാരണത്താല്‍ ആശ്രിതനിയമനം നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടക്കാട്ടിയിരുന്നു.

ജീവനക്കാരന്‍ മുന്‍പു ചെയ്ത സേവനത്തിനാണ് പെന്‍ഷന്‍ നല്‍കുന്നത് എന്ന കാരണത്താല്‍ ആശ്രിതനിയമന അപേക്ഷ തള്ളരുതെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം ശരിയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആശ്രിത നിയമനം നല്‍കണോ എന്ന് തീരുമാനിക്കാന്‍ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം പരിശോധിക്കുന്ന അധികൃതരുടെ നടപടിയില്‍ തെറ്റില്ല. ഇത് അധികൃതരാണ് തീരുമാനിക്കേണ്ടത്. തുടര്‍ന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow