പ്രതിയെ തിരിച്ചറിയാന്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ല; UIDAI ഹൈക്കോടതിയില്‍

ആധാര്‍ (Aadhar) നമ്പര്‍ തയാറാക്കുന്നതിനും സ്ഥിരീകരണത്തിനുമല്ലാതെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ (Biometric Information) പങ്കുവെക്കുന്നത് അനുവദനീയമല്ലെന്ന് യുണീക്  ഐഡന്‍റിഫിക്കേഷന്‍  അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ഒരു കേസിലെ പ്രതിയെ ആധാർ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയണമെന്ന ഹർജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്. ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങൾ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാർ നിയമത്തിലെ 29–ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു.

ഒരു കൊലപാതക, കവർച്ച കേസിൽ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാർ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താൻ നിർദേശം നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇന്ത്യൻ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങൾ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും വിശദീകരിച്ചു.

ആധാർ തട്ടിപ്പ് തടയാം; സ്വയം ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? UIDAIയുടെ നിർദ്ദേശങ്ങൾ


ഓരോ ഇന്ത്യൻ പൗരനും (Indian Citizen) നിർബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയൽ രേഖയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) നൽകുന്ന ആധാർ കാർഡ് (Aadhaar Card). ഈ 12 അക്ക നമ്പർ രാജ്യത്ത് പല ആവശ്യങ്ങൾക്കും ഇപ്പോൾ നിർബന്ധം ആക്കിയിട്ടുണ്ട്. ഒരാളുടെ ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ആധാർ ഉപയോ​ഗിച്ചു കൊണ്ടുള്ള തട്ടിപ്പുകളും (Aadhaar Fraud) വ്യാപകമാകുകയാണ്. കുറ്റകൃത്യങ്ങൾ ചെയ്യാൻ വരെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവരുണ്ട്.

ആധാർ കാർഡ് ഉടമകൾ തങ്ങളുടെ മൊബൈൽ നമ്പറുകൾ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് യുഐഡിഎഐ നൽകിയിരിക്കുന്ന നിർദേശം. ഒരാളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ ലളിതമായ ചില വേരിഫിക്കേഷൻ നടപടികളും യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ''എപ്പോഴും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക.

നിങ്ങളുടെ ശരിയായ മൊബൈൽ നമ്പറോ ഇമെയിലോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് അത് സ്ഥിരീകരിക്കാൻ കഴിയും'', വേരിഫിക്കേഷൻ ലിങ്കിനൊപ്പം യുഐഡിഎഐ ട്വീറ്റ് ചെയ്തു. myaadhaar.uidai.gov.in/verify-email-mobile ആണ് യുഐഡിഎഐ നൽകിയിരിക്കുന്ന വേരിഫിക്കേഷൻ ലിങ്ക്.

ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി എങ്ങനെ വേരിഫൈ ചെയ്യാം?

ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ 12 അക്ക നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അവർക്ക് ഇത് പരിശോധിക്കാൻ യുഐഡിഎഐ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം. താഴെ പറയുന്നവയാണ് ലളിതമായ ആ വേരിഫിക്കേഷൻ സ്റ്റെപ്പുകൾ.

1. myaadhaar.uidai.gov.in/verify-email-mobile എന്ന വെബ്സൈറ്റിൽ കയറി ലോഗിൻ ചെയ്യുക.

2. വേരിഫൈ മൊബൈൽ നമ്പർ, വേരിഫൈ ഇ-മെയിൽ അഡ്രസ് എന്നീ രണ്ട് ഓപ്ഷനുകൾ വെബ്സൈറ്റിൽ കാണാം. നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.

3. വേരിഫിക്കേഷനായി ആദ്യം നിങ്ങളുടെ ആധാർ നമ്പർ നൽകേണ്ടതുണ്ട്.

4. നിങ്ങളുടെ ആവശ്യം അനുസരിച്ച് മൊബൈൽ നമ്പറോ ഇ-മെയിൽ വിലാസമോ നൽകുക

5. ക്യാപ്‌ച ശരിയായി നൽകി OTP ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഇ-മെയിൽ ഐഡിയിലോ മൊബൈൽ നമ്പറിലോ ഒടിപി ലഭിച്ചാൽ നിങ്ങളുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വിവരങ്ങൾ ശരിയാണെന്നും മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് അർത്ഥം. അതിനാൽ, ആധാർ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ ലളിതമായ ഈ വേരിഫിക്കേഷൻ സ്റ്റെപ്പുകൾ പൂർത്തിയാക്കുക. ഒപ്പം യുഐഡിഎഐയുടെ നിർദേശങ്ങൾ എപ്പോഴും പാലിക്കുകയും ചെയ്യുക.