സോളമൻ ദ്വീപുകളും ‘ചൈനയ്ക്ക് വേണം’; യുഎസ് –ചൈന പോര്

തയ്‌വാൻ ചൈനയുടെ ഭാഗമാണ്, ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തയ്‌വാൻ ഒരിക്കലും മോഹിക്കുകയും വേണ്ട, ചൈനയുമായി തായ്‌വാനെ കൂട്ടിച്ചേർക്കുകതന്നെ

Sep 4, 2019 - 14:55
 0
സോളമൻ ദ്വീപുകളും ‘ചൈനയ്ക്ക് വേണം’; യുഎസ് –ചൈന പോര്

തയ്‌വാൻ ചൈനയുടെ ഭാഗമാണ്, സ്വതന്ത്ര രാജ്യമാകാമെന്നു തയ്‌വാൻ മോഹിക്കുകയും വേണ്ട, ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും പറ്റില്ല. ചൈനയുമായി തയ്‌വാനെ കൂട്ടിച്ചേർക്കും. അതിനായി ബലം പ്രയോഗിക്കേണ്ടി വന്നാൽ മടിക്കില്ല– 2019 ജനുവരി രണ്ടിന് ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയ പ്രസംഗത്തിന്റെ രത്നചുരുക്കമാണിത്. ദക്ഷിണ ചൈന കടലിൽ സ്വയംഭരണം ആവശ്യപ്പെടുന്ന തയ്‍വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിൽ തർക്കത്തിന്റെ വ്യാപ്തി ഈ പ്രസംഗം വെളിപ്പെടുത്തുന്നു.

തയ്‍വാൻ (ചൈനീസ് തായ്പേ‌യ്) സ്വന്തം പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ചൈനീസ് വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രമകലെയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന ഈ 36,197 ചതുരശ്ര കിലോമീറ്റർ പ്രദേശം. ചൈന സ്വന്തം ഭാഗമായി കാണുമ്പോൾ എഴുപതു വർഷത്തോളമായി തയ്‌വാൻ പ്രവർത്തിക്കുന്നത് ഒരു സ്വതന്ത്ര രാജ്യമെന്ന പോലെ. ദക്ഷിണ ചൈനക്കടലിലെ തര്‍ക്ക ദ്വീപായ തയ്‌വാനിൽ അധികാര പരിധിയില്‍ പെട്ട ഒരിഞ്ച് സ്ഥലം പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നതാണ് ചൈനയുടെ നിലപാട്. ‘ജനാധിപത്യ തയ്‌വാന്‍’ എന്ന ആവശ്യത്തെ യുഎസ് പിന്തുണയ്ക്കുകയും മേഖലയിലേക്കു യുദ്ധകപ്പലുകൾ അയയ്ക്കുകയും ചെയ്തത് അടുത്തിടെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു. പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈന കടല്‍ മേഖലയില്‍ വര്‍ഷങ്ങളായി സമുദ്ര ഭാഗത്തിനുമേല്‍ ചൈന അവകാശവാദം ഉന്നയിച്ചുവരികയാണ് ചൈനയ്ക്ക് പുറമെ വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെയ്, തയ്‌വാൻ എന്നീ രാജ്യങ്ങളും ഈ മേഖലയിലെ സമുദ്രത്തിന്റെ അവകാശ തർക്കത്തിൽ സജീവമാണ്. ചൈനയ്ക്ക് ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവും അധികാരവും ഇല്ലെന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെ കാറ്റിൽ പറത്തിയാണ് മേഖലയിൽ ചൈന ആധിപത്യം പുലർത്തുന്നത്. തയ്‍വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന പിണക്കങ്ങൾക്കിടെ മെലനേഷ്യൻ രാജ്യമായ സോളമൻ ദ്വീപുകൾ തയ്‌വാനുമായി 36 വർഷത്തോളമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബെയ്ജിങ്ങുമായി കൂടുതൽ അടുക്കാൻ ശ്രമം നടത്തുന്നതാണ് മേഖലയെ വീണ്ടും വാർത്തകളിൽ എത്തിക്കുന്നത്. ശാന്തമഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതൽ അറഫൂറ സമുദ്രം വരെ ഓസ്ട്രേലിയയുടെ വടക്ക്‌ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപുകളാണ് മെലനേഷ്യയിൽ ഉൾ‍പ്പെടുന്നത്. സ്വതന്ത്രരാജ്യമാണെങ്കിലും നയതന്ത്രവും തന്ത്രപ്രധാനമായ കാര്യങ്ങളിൽ സോളമൻ ദ്വീപുകൾ തയ്‌വാനെയാണ് പ്രധാനമായും ആശ്രയിച്ചുവന്നത്. 990 ദ്വീപുകളുടെ സമൂഹമായ സോളമൻ ദ്വീപുകളുടെ വിസ്‌തൃതി 28,400 ചതുരശ്രകിലോമീറ്റർ. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ചൈനയുമായി നയതന്ത്രസാധ്യതകൾ തേടി സോളമൻ ദ്വീപുകളുടെ പ്രസിഡന്റ് മനസേഹ് സൊഗവരെ നിയുക്തസംഘത്തെ നിയോഗിച്ചതാണ് യുഎസിനെയും തയ്‌‍‌വാനെയും ഒരുപോലെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സോളമൻ ദ്വീപിലെ എട്ടു മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഓഗസ്റ്റ് മധ്യത്തിൽ ബെയ്ജിങ് സന്ദർശിച്ചത് തയ്‌വാന്റെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്തു.

തയ്‌വാന്റെ അസ്തി‌ത്വം അംഗീകരിച്ച 17 രാജ്യങ്ങളിൽ ഒന്നാണ് സോളമൻ ദ്വീപുകൾ. ദ്വീപ് നേതൃത്വത്തിന്റെ പുതിയ ചൈനീസ് പ്രണയം തയ്‌വാന് ഏറെ നിർണായകമാകുന്നതും ഇതിനാലാണ്. അതിനിടെ സോളമൻ ദ്വീപിൽ നിന്നുള്ള ദൗത്യസംഘം ബെയ്ജിങ്ങിലെത്തിയെന്നത് സ്ഥിരീകരിക്കാൻ കൂട്ടാക്കാതെ ചൈന ഈ വിഷയത്തിൽ ഒളിച്ചുകളി തുടരുകയാണ്. ‘ഏക ചൈന’ നയത്തിലൂന്നി ഏതു രാജ്യവുമായും സൗഹ‌ൃദത്തിലെത്താൻ ചൈനയ്ക്ക് താൽപര്യമുണ്ടെന്നായിരുന്നു ദൗത്യസംഘത്തിന്റെ സന്ദർശനം വ്യക്തമാക്കാതെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ്ങിനറെ അഭിപ്രായപ്രകടനം. ഏപ്രിലിൽ വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് മനസേഹ് സൊഗവരെ തന്ത്രപരമായി തീരുമാനത്തിനു മുതിർന്നത്. എന്നാൽ ബെയ്ജിങ്ങിനെ അംഗീകരിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകൾ തേടുക മാത്രമാണ് ചെയ്തതെന്നും ഔദ്യോഗികമായി യാതൊരു തരത്തിലുള്ള തീരുമാനം കൈകൊണ്ടിട്ടില്ലെന്നു സോളമൻ ദ്വീപുകളുടെ തയ്‌വാൻ സ്ഥാനപതി ജോസഫ് വലെൻസിയ മാധ്യമങ്ങളോടു പറഞ്ഞു. സോളമൻ ദ്വീപുകൾ നയതന്ത്രപരമായ ബന്ധം തയ്‌വാനുമായി വിച്ഛേദിച്ചാൽ തയ്‌വാനും യുഎസിനും അത് വൻ തിരിച്ചടിയാകും.

ദക്ഷിണ ചൈനക്കടലിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയെച്ചൊല്ലി യുഎസും ചൈനയുമായി മേഖലയിൽ നിലനിൽക്കുന്ന തർക്കമാണ് ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തുന്നത്. തയ്‌വാൻ ചൈനയിൽനിന്നു വേറിട്ടുപോയി എഴുപതാം വർഷമാകാൻ പോകുമ്പോഴും ബലപ്രയോഗത്തിലൂടെയും അല്ലാതെയും തയ്‌വാനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല എന്നുള്ളത് ചൈനയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ദക്ഷിണ ചൈനാ കടലിൽ കൃത്രിമ പവിഴ ദ്വീപുകൾ നിർമ്മിച്ചു ചൈന ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ചൈനയുടെ കിഴക്കൻ, ദക്ഷിണ ചൈന കടലിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള യുഎസ് വിമാനവാഹിനി കപ്പലുകൾ വേണ്ടിവന്നാൽ കടലിൽ താഴ്ത്താൻ ചൈനീസ് സൈന്യത്തിന് കഴിയുമെന്ന് ചൈനയുടെ നാവികസേനാ അഡ്മിറൽ ലു യുവാന്റെ പ്രഖ്യാപനവും മേഖലയിൽ അസ്ഥിരതയുണ്ടാക്കി. തായ്‍വാനിൽ കാലുകുത്താനോ നിലയുറപ്പിക്കാനോ യുഎസ് നാവിക സേന തുനിയുകയാണെങ്കിൽ യുഎസ് കപ്പലുകൾ ദക്ഷിണ ചൈനക്കടലിൽ മുങ്ങുമെന്നായിരുന്നു മുന്നറിയിപ്പ്. അതോടെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിനു പരിഹാരമാകുമെന്നും ചൈനീസ് അഡ്‌മിറൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow