ഒരു ചന്ദനത്തൈയ്ക്ക് 75 രൂപ; വളർന്ന് കഴിഞ്ഞാൽ 10 ലക്ഷം രൂപ വരെ നേടാം

Mar 23, 2022 - 14:22
Mar 23, 2022 - 14:24
 0
ഒരു ചന്ദനത്തൈയ്ക്ക് 75 രൂപ; വളർന്ന് കഴിഞ്ഞാൽ 10 ലക്ഷം രൂപ വരെ നേടാം
പൊതുജനങ്ങൾക്ക് ചന്ദനത്തൈ(Sandal) വിൽപ്പന ആരംഭിച്ചു. മറയൂരിലെ (Marayur) ചന്ദനക്കാടുകളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൊണ്ട് ഉൽപ്പാദിപ്പിക്കുന്ന ചന്ദനത്തൈയുടെ വിൽപനയാണ് ആരംഭിച്ചിരിക്കുന്നത്. ഒരു തൈയ്ക്ക് 75 രൂപയാണ് വില. ഒരു മരം വളർന്ന് വലുതായി കഴിഞ്ഞാൽ, അഞ്ച് മുതൽ പത്ത് ലക്ഷം രൂപയുടെ തടി ലഭിക്കും.
ചന്ദനമരത്തിന്‍റെ പ്രത്യേകത
ഒരു അർധ പരാദ സസ്യമാണ് ചന്ദനം. ഇത് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്പോൾ അതിനൊപ്പം തന്നെ മറ്റേതെങ്കിലും തൈകൾ കൂടി നടണം. ചന്ദനമരം ജീവിക്കുന്നതിനുള്ള പകുതി ആഹാരം ഒപ്പം നടുന്ന സസ്യത്തിൽ നിന്ന് വലിച്ചെടുക്കും. സാധാരണഗതിയിൽ നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവർഗങ്ങൾ എന്നിവയൊക്കെയാണ് ചന്ദനത്തിന് ഒപ്പം നടുന്നത്. ചന്ദനത്തൈ വളർന്ന് 50 സെന്‍റീമീറ്റർ വരെ വളർച്ച എത്തുമ്പോൾ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ചന്ദനമരം പൂർണ വളർച്ചയെത്താൻ 15 മുതൽ 30 വർഷം വരെ എടുക്കും. 50 സെന്‍റീമീറ്റർ ചുറ്റളവ് എത്തുമ്പോഴാണ് അത് പൂർണ വളർച്ച നേടിയതായി സർക്കാർ കണക്കാക്കുന്നത്. ഒരു വർഷം ഒരു സെന്‍റീമീറ്ററാണ് ചന്ദനത്തിന്‍റെ വളർച്ച.

ചന്ദനം വീട്ടിൽ നട്ട് വളർത്താമോ?

ചന്ദനം വീട്ടിൽ നട്ട് വളർത്തുന്നതിന് നിയമതടസമില്ല. അതേസമയം തൈ നടുമ്പോഴും അത് മുറിക്കാനും സർക്കാരിന്‍റെ അനുമതി വേണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ചന്ദന മരം ഉണ്ടെങ്കിൽ സർക്കാർ അവർക്ക് പണം നൽകും.

ചന്ദനം തൂക്കിവിൽക്കാം

മറ്റ് തടികൾ പോലെ ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല ചന്ദനം അളവ് കണക്കാക്കുന്നത്, കിലോഗ്രാമിലാണ് ഇതിന്‍റെ തൂക്കം നിശ്ചയിക്കുന്നത്. മരത്തിന്‍റെ മൊത്തവിലയുടെ 95 ശതമാനം വരെ ഉടമയ്ക്ക് ലഭിച്ചേക്കാം. ഒരു ചന്ദനമരം മുഴുവനായി വിറ്റു കഴിയുമ്പോൾ അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ നേടാനാകും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക വനംവകുപ്പിന്‍റെ അനുമതി ഇല്ലാതെ ചന്ദന മരം മുറിച്ച് കടത്തുന്നത് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.


ചന്ദനത്തിന്‍റെ മറയൂർ പെരുമ

ചന്ദനത്തിന് ഏറെ പ്രശസ്തമായ സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂർ. മികച്ച നിലവാരത്തിലുള്ള ചന്ദനത്തടികളാണ് മറയൂരിലേത്. ഇവിടുത്തെ ചന്ദനത്തടിയിൽ കാതലും ചന്ദനത്തൈലത്തിന്‍റെ അളവും കൂടുതലാണ്. മറയൂരിലേക്ക് പോകുമ്പോൾ വഴിയുടെ ഇരുവശങ്ങളും നിറഞ്ഞുനിൽക്കുന്ന ചന്ദനത്തിന്‍റെ കുളിർമയും തണലും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്. മഴനിഴൽ പ്രദേശമായ മറയൂരിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണമാണ് ചന്ദനത്തിന് കാതൽ കൂടാൻ കാരണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow