BH Registration| ബിഎച്ച് സംവിധാനത്തിൽ രജിസ്ട്രേഷൻ പ്ലേറ്റ് പ്രവർത്തിക്കുന്നത് എങ്ങനെ?

Sep 17, 2021 - 18:47
 0
BH Registration| ബിഎച്ച് സംവിധാനത്തിൽ രജിസ്ട്രേഷൻ പ്ലേറ്റ് പ്രവർത്തിക്കുന്നത് എങ്ങനെ?

ഒരു കാറോ ഇരുചക്ര വാഹനമോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. നിലവിലെ സ്ഥലത്ത് നിന്ന്  ഒരു എൻഒസി ലഭിക്കുകയും തുടർന്ന് വാഹനം മാറ്റുന്ന അടുത്ത സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുകയും വേണം. വീണ്ടും അടുത്ത സംസ്ഥാനത്തെ റോഡ് നികുതി അടയ്ക്കുകയും ചെയ്യണം. ഈ പ്രശ്നങ്ങളിൽ നിന്ന് വാഹന ഉടമകളെ മോചിപ്പിക്കുന്നതിന്, റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് "ബിഎച്ച്" രജിസ്ട്രേഷൻ.

ഡിഫൻസ്, റെയിൽവേ, മറ്റ് സർക്കാർ ജീവനക്കാർ അല്ലെങ്കിൽ ട്രാൻസ്ഫർ ലഭിക്കുന്ന ജോലികളിൽ ഉള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് അവരുടെ വാഹനങ്ങൾ ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെങ്കിൽ നിരവധി നടപടിക്രമങ്ങൾ നടത്തേണ്ടതുണ്ട്. എന്നാൽ പുതിയ സംവിധാനമായ ബിഎച്ച് രജിസ്ട്രേഷനിലൂടെ ഈ നൂലാമാലകൾ ഒഴിവാക്കാം.

വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷൻ അനുവദിക്കുന്ന പുതിയ സംവിധാനം വഴി, വാഹന ഉടമയ്ക്ക് ഓഫീസുകൾ കയറി ഇറങ്ങിയുള്ള നൂലാമാലകൾ ലഘൂകരിക്കാനാകും. ഇത് പൂർണ്ണമായും ഓൺലൈനിലൂടെ നടത്താം.
ഇന്ന് (സെപ്റ്റംബർ 15) മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം,  47-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട്, ബിഎച്ച് രജിസ്ട്രേഷൻ മാർക്ക് വഹിക്കുന്ന വാഹനങ്ങൾ പുതിയ സംസ്ഥാനത്തേക്ക് മാറ്റിയാൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ ഉത്തരവ്

ഒരു സാധാരണ BH നമ്പർ "21 BH XXXX AA" എന്ന രീതിയിലാകും ലഭിക്കുക. ഇതിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ ആദ്യ രജിസ്ട്രേഷന്റെ വർഷമാണ്, BH ആണ് സീരീസ് കോഡ്, നാല് അക്കങ്ങൾ (XXXX) ക്രമരഹിതമായി സൃഷ്ടിക്കപ്പെടുന്നതാണ്. അതിനുശേഷം ഇംഗ്ലീഷ് അക്ഷരങ്ങളുടെ രണ്ട് അക്ഷരങ്ങൾ ഉണ്ടാകും.

ഇതുവരെ, ഒരു വ്യക്തി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറ്റുകയും വാഹനം അവരോടൊപ്പം കൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ആദ്യം വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനത്ത് നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടണമായിരുന്നു. മറ്റൊരു സംസ്ഥാനത്ത് ഒരു പുതിയ രജിസ്ട്രേഷൻ നടത്തുന്നതിന് ആദ്യ സംസ്ഥാനത്തിന്റെ NOC നിർബന്ധമാണ്.

1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം, ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തേക്ക് ഒരേ രജിസ്ട്രേഷനിൽ ഓടിക്കാൻ കഴിയും. ഈ സമയത്ത് പുതിയ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യണം.
കാരണം, ഒരാൾ ഒരു പുതിയ വാഹനം വാങ്ങുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുമ്പോൾ, സംസ്ഥാന സർക്കാർ അല്ലെങ്കിൽ മാതൃ സംസ്ഥാനം, വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത മുഴുവൻ കാലത്തെയും റോഡ് നികുതി മുൻകൂറായി ഈടാക്കും. അതായത് 15 വർഷം.
അഞ്ച് വർഷത്തിന് ശേഷം വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോൾ, മാതൃരാജ്യത്തിന് ഇതിനകം ലഭിച്ച ബാക്കി 10 വർഷത്തെ റോഡ് നികുതി തിരികെ നൽകണം. പുതിയ സംസ്ഥാനത്ത്, വാഹനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ വാഹന ഉടമ റോഡ് ടാക്സ് അടയ്ക്കുന്നു. അതായത് ശേഷിക്കുന്ന 10 വർഷത്തെ റോഡ് ടാക്സ്.
മാതൃസംസ്ഥാനത്ത് നിന്ന് റീഫണ്ട് ലഭിക്കാനുള്ള വ്യവസ്ഥ വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണെന്നും ഒരോ സംസ്ഥാനത്തും ഇത് വ്യത്യാസ്തമാണെന്നും കേന്ദ്ര സർക്കാർ ഒടുവിൽ തിരിച്ചറിഞ്ഞു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലൂടെ കയറി ഇറങ്ങിയാൽ മാത്രമേ ഇക്കാര്യം നടപ്പിലാകൂ. റോഡ് നികുതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന സംവിധാനം സംസ്ഥാനം - കേന്ദ്ര സർക്കാരുകൾ ഇതുവരെ നടപ്പിലാക്കിയിട്ടുണ്ടായിരുന്നില്ല.

 

സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും യോഗ്യതയുണ്ട്. സ്വകാര്യമേഖലയിൽ, കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഓഫീസുകളുള്ള ഒരു കമ്പനിയിലെ ജീവനക്കാരനും ബിഎച്ച് നമ്പർ ലഭിക്കാൻ അർഹതയുണ്ട്. ഇവർ ഫോം 60 പൂരിപ്പിച്ച് ഓൺലൈനിൽ സാധുവായ തൊഴിൽ ഐഡി അല്ലെങ്കിൽ തെളിവ് നൽകണം. സംസ്ഥാന അധികൃതർ തെളിവ് പരിശോധിച്ച് ബിഎച്ച് രജിസ്ട്രേഷൻ നൽകും. രജിസ്ട്രേഷൻ നമ്പർ കമ്പ്യൂട്ടർ ജനറേറ്റ് ചെയ്യും.

വാഹനത്തിന്റെ വില 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഒരു ബിഎച്ച് രജിസ്ട്രേഷന് 8% നികുതി ഈടാക്കും. 10-20 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഇത് 10 ശതമാനമാണ്. കൂടാതെ 20 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങൾക്ക് 12 ശതമാനമാണ് നികുതി. ഈ വിജ്ഞാപനം വരുന്നതിനു മുമ്പ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് നിരവധി നിർദ്ദേശങ്ങൾ ലഭിക്കുകയും സംസ്ഥാനങ്ങളുമായി ആലോചിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഡീസൽ വാഹനങ്ങൾക്ക് 2 ശതമാനം അധിക നികുതിയും ഇലക്ട്രിക് വാഹനങ്ങൾക്ക് 2 ശതമാനം കുറവ് നികുതിയും ഈടാക്കും.

ബിഎച്ച് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ആദ്യം രണ്ട് വർഷത്തേക്ക് റോഡ് നികുതി ഈടാക്കും. തുടർന്ന് രണ്ട് വർഷം കൂടുമ്പോൾ നികുതി അടച്ചാൽ മതി. ഉടമ 15 വർഷത്തെ റോഡ് നികുതിയുടെ മുഴുവൻ തുകയും മുൻകൂറായി അടയ്ക്കേണ്ടതില്ല. നികുതി മുൻകൂറായി അടച്ചിട്ടില്ലാത്തതിനാൽ സ്ഥലം മാറ്റത്തിന് മുമ്പോ ശേഷമോ റീഫണ്ട് നേടുകയും വേണ്ട.  പതിനാലാം വർഷം പൂർത്തിയാക്കിയ ശേഷം, മോട്ടോർ വാഹന നികുതി പ്രതിവർഷം ഈടാക്കും. അത് ആ വാഹനത്തിന് മുമ്പ് ഈടാക്കിയ തുകയുടെ പകുതിയായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow