Delhi International Airport | ഡൽഹി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം; ലോകത്ത് 37-ാം സ്ഥാനം

സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ (Skytrax World Airport Awards), ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (Delhi Indira Gandhi International (IGI) Airport) എയർപോർട്ട്.

Jun 21, 2022 - 15:39
 0
Delhi International Airport | ഡൽഹി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം; ലോകത്ത് 37-ാം സ്ഥാനം

സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ (Skytrax World Airport Awards), ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (Delhi Indira Gandhi International (IGI) Airport) എയർപോർട്ട്. തുടർച്ചയായ നാലാം വർഷമാണ് ഡൽഹി എയർപോർട്ട് ഈ നേട്ടം കരസ്ഥമാക്കുന്നത്. ആ​ഗോള റാങ്കിങ്ങിൽ 37-ാം സ്ഥാനവും ഡൽഹി വിമാനത്താവളം സ്വന്തമാക്കി. കഴിഞ്ഞ വർഷം ആ​ഗോള തലത്തിൽ 45-ാം സ്ഥാനം ആയിരുന്നു ഉണ്ടായിരുന്നത്. ലോകത്തിലെ മികച്ച 50 വിമാനത്താവളങ്ങളിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക വിമാനത്താവളം കൂടിയാണിത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളം (the cleanest airport) ആയും ഡൽഹി എയർപോർട്ട് തിരഞ്ഞെടുക്കപ്പെട്ടു.

''എയർപോർട്ടിൽ പ്രവർത്തിക്കുന്ന എല്ലാ സ്റ്റാഫുകളും, പങ്കാളികളും, അവരുടെ മികച്ച പ്രവർത്തനവും മൂലമാണ് ഡൽഹി വിമാനത്താവളം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വിമാനത്താവളമായി മാറിയത്'', ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (Delhi International Airport Ltd (DIAL) L) സിഇഒ വിദെഹ് ജയ്പുരിയാർ (Videh Jaipuriar) പറഞ്ഞു. ജിഎംആർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം എല്ലാ യാത്രക്കാർക്കും മികച്ച അനുഭവം നൽകുന്നതിൽ മുന്നിട്ടു നിൽക്കുന്നു എന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സേവനവും സൗകര്യങ്ങളും വിലയിരുത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകൾ തീരുമാനിക്കുന്നത്. ലോകമെമ്പാടമുള്ള 500 വിമാനത്താവളങ്ങളെയാണ് അവാർഡിനായി പരി​ഗണിക്കുന്നത്. 2021 സെപ്തംബർ മുതൽ 2022 മെയ് വരെയുള്ള ഒൻപതു മാസത്തെ കാലയളവിൽ എയർപോർട്ട് ഉപഭോക്താക്കളിൽ ഇവർ 100-ലധികം സർവേകൾ നടത്തിയിരുന്നു. എയർപോർട്ട് സേവനം സംബന്ധിച്ച് ഉപഭോക്താക്കളുടെ അനുഭവവും ചെക്ക്-ഇൻ, വരവ്, കൈമാറ്റം, ഷോപ്പിംഗ്, സുരക്ഷ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് എന്നും ഇക്കഴിഞ്ഞ മാർച്ചിൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു. അറ്റ്ലാന്റ വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ഈ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഡൽഹിക്കു പിന്നിലാണ്.

എയർസൈഡ് സേവനങ്ങൾക്കായി അടുത്ത നാല് മാസത്തിനുള്ളിൽ 62 ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അടുത്തിടെ അറിയിച്ചിരുന്നു. പ്രതിവർഷം 1,000 ടൺ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യം. റൺവേ, ടാക്സിവേ, ഏപ്രോൺ എന്നിവിടങ്ങളാണ് എയർസൈഡ് ഏരിയ എന്നറിയപ്പെടുന്നത്. ഇവിടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനാണ് എയർപോർട്ട് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ഘട്ടമായി ഉൾപ്പെടുത്താനും തീരുമാനിച്ചു. എയർപോർട്ടിൽ ആവശ്യമായ ഉപകരണങ്ങൾ ഇലക്ട്രിക് വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനും വാഹനത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഉപകരണ നിർമ്മാതാക്കളുമായും അധികൃതർ ചർച്ചകൾ നടത്തിയിരുന്നു. മൂന്നോ നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതി.

What's Your Reaction?

like

dislike

love

funny

angry

sad

wow