മൊറട്ടോറിയം കാലാവധി നീട്ടണം : ബാങ്കേഴ്സ് സമിതി

മൊറട്ടോറിയം സമയപരിധി നീട്ടുന്നതിന് ആര്‍ബിഐയെ വീണ്ടും സമീപിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. റിസര്‍വ് ബാങ്കിനെ ഇക്കാര്യം അറിയിക്കുമെന്നും ബാങ്കേഴ്സ് സമിതി യോഗത്തില്‍ പ്രതിനിധികള്‍ അറിയിച്ചു

Jun 26, 2019 - 00:21
 0
മൊറട്ടോറിയം കാലാവധി നീട്ടണം : ബാങ്കേഴ്സ് സമിതി

മൊറട്ടോറിയം സമയപരിധി നീട്ടാൻ റിസർവ് ബാങ്കിനെ വീണ്ടും സമീപിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി. റിസര്‍വ് ബാങ്കിനെ ഇക്കാര്യം അറിയിക്കുമെന്നും ബാങ്കേഴ്സ് സമിതി യോഗത്തില്‍ പ്രതിനിധികള്‍ അറിയിച്ചു. ജൂലൈ 31വരെയുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പുനഃക്രമീകരിച്ച കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടുന്നകാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനിക്കാമെന്നാണ് സമിതിയുടെ കത്തിനു മറുപടിയായി റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബാങ്കുകളുടെ സഹകരണം ഉണ്ടാകണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് കൈതാങ്ങ് ആകണമെന്ന കാര്യം ബാങ്കുകള്‍ മറക്കരുത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത് ഗൗരവമായ പ്രശ്നമാണെന്നും ഇതിനു വേഗത്തില്‍ പരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകനു ജപ്തി നോട്ടിസ് നല്‍കിയാല്‍ കൃഷി ഓഫിസറെ അറിയിക്കണമെന്ന് കൃഷി മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

അര്‍ഹതയുള്ളവര്‍ക്ക് വായ്പ കിട്ടുന്നില്ലെന്നു പരാതിയുണ്ടെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. വായ്പകളില്‍ വേഗത്തില്‍ നടപടിയുണ്ടാകണമെന്ന ചീഫ് സെക്രട്ടറിയുടെ ആവശ്യം സമിതി അംഗീകരിച്ചു. കര്‍ഷക ആത്മഹത്യകളെ ബാങ്കുമായി ബന്ധിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി.

2019 ജൂലൈ 31വരെയുള്ള ഒരു വര്‍ഷത്തേക്കാണ് വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി സര്‍ക്കാര്‍ മാര്‍ച്ചില്‍ ഉത്തരവിറക്കി. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. സംസ്ഥാന ബാങ്കേഴ്സ് സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തു നല്‍കി. പുനഃക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടാന്‍ സമിതി തീരുമാനിച്ചാല്‍ 1.25 ലക്ഷംപേര്‍ക്ക് ഗുണം ലഭിക്കും. ഇവര്‍ വായ്പ തിരിച്ചടവ് ഡിസംബര്‍ 31ന്ശേഷം പുനരാരംഭിച്ചാല്‍ മതിയാകും

What's Your Reaction?

like

dislike

love

funny

angry

sad

wow