കാറുകളിലെ ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റത്തിന് ഇനി ഡ്യുവല്‍ സിം പിന്തുണയും; വിശദാംശങ്ങൾ

ഡ്രൈവിംഗിനിടയില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കുന്നതിനായി ടെക് ഭീമന്‍ ഗൂഗിൾ (Google) അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയിഡ് ഓട്ടോ

കാറുകളിലെ ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റത്തിന് ഇനി ഡ്യുവല്‍ സിം പിന്തുണയും; വിശദാംശങ്ങൾ

ഡ്രൈവിംഗിനിടയില്‍ (Driving) ആളുകള്‍ മൊബൈല്‍ ഉപകരണങ്ങള്‍ (Mobile Devices) ഉപയോഗിക്കുന്നതിനാല്‍ പല രാജ്യങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരികയാണ്. വാഹനാപകടങ്ങളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും അധികൃതരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ അതിന് പരിഹാരം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല.

ഡ്രൈവിംഗിനിടയില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ (Android Applications) കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കുന്നതിനായി ടെക് ഭീമന്‍ ഗൂഗിൾ (Google) അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയിഡ് ഓട്ടോ (Android Auto). 2019 ല്‍ ഗൂഗിള്‍ അതിന്റെ ആദ്യത്തെ സുപ്രധാനമായ ഒരു അപ്ഗ്രേഡ് പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് ഡ്രൈവിങ്ങിനിടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനുള്ള ഒരു യുഐ ഡിസൈന്‍ മേക്കോവറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 10 അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ അതിന്റെ പിക്സല്‍ ഫോണുകളില്‍ ഡ്യുവല്‍ സിം പിന്തുണയും പ്രാപ്തമാക്കിയിരുന്നു. എങ്കിലും ഇത്രയും കാലം ആൻഡ്രോയ്ഡ് ഓട്ടോ ഡ്യുവല്‍-സിം ഫങ്ഷൻപിന്തുണക്കുന്നില്ലായിരുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ഒന്നിലധികം സിം കാര്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്ന പതിപ്പിനായി ഗൂഗിൾ രണ്ട് വര്‍ഷമെടുത്തു. ഉടനെ തന്നെ ആന്‍ഡ്രോയിഡ് ഓട്ടോയുടെ പുതിയ പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഓട്ടോയുടെ ഏറ്റവും പുതിയ പതിപ്പില്‍, ഉപയോക്താക്കള്‍ക്ക് വാഹനങ്ങളില്‍ വെച്ച് ഏത് സിമ്മില്‍ നിന്നാണ് വിളിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന പോപ്പ്-അപ്പ് പ്രദര്‍ശിപ്പിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ്, ഒരു ഡ്യുവല്‍ സിം ഫോണ്‍ ഉണ്ടെങ്കില്‍പ്പോലും, നിങ്ങള്‍ എപ്പോള്‍ വിളിച്ചാലും ആന്‍ഡ്രോയിഡ് ഓട്ടോ നിങ്ങളുടെ ഡിഫോള്‍ട്ട് സിം ആയിരിക്കും തിരഞ്ഞെടുക്കുക.

ആന്‍ഡ്രോയിഡ് ഓട്ടോയ്ക്ക് വേണ്ടിയുള്ള മള്‍ട്ടി-സിം സൗകര്യം സെപ്റ്റംബറില്‍ ഗൂഗിള്‍ പ്രഖ്യാപിക്കുകയും അടുത്ത ആഴ്ചകളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഗൂഗിള്‍ ഘട്ടം ഘട്ടമായി തങ്ങളുടെ അപ്‌ഗ്രേഡഡ് പതിപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി എന്നാണ് അനുമാനിക്കുന്നത്. ചിലര്‍ക്ക് ഈപതിപ്പ് ആന്‍ഡ്രോയിഡ് ഓട്ടോയുടെ റിലീസ് ബില്‍ഡായി പ്ലേ സ്റ്റോറില്‍ ദൃശ്യമാകുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഓട്ടോ ആദ്യമായി ഗൂഗിള്‍ അവതരിപ്പിച്ചത് 2015 ലാണ്. ആന്‍ഡ്രോയിഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആപ്പ് ഉപയോഗിച്ച് ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. വോയ്സ് നാവിഗേഷന്‍ അസിസ്റ്റ്, എസ്എംഎസ് റീഡൗട്ടുകള്‍, കോളിംഗ് ഫംഗ്ഷനുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഈ ആപ്പിലൂടെ ലളിതമായി മാറി. പല വാഹനങ്ങളിലും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോം ലഭ്യമാണ്. വാഹനത്തിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ നമ്മുടെ ഫോണുമായി സിങ്ക് ചെയ്യാനും ഡ്രൈവിംഗ് സമയത്ത് ഫോണ്‍ ഉപയോഗിക്കാനും ആന്‍ഡ്രോയിഡ് ഓട്ടോ ഉപയോക്താക്കളെ സഹായിക്കുന്നു.