40-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 22 മുതൽ ജനുവരി 1 വരെ മറൈൻ ഡ്രൈവിൽ.

Nov 25, 2023 - 00:02
 0
40-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 22 മുതൽ ജനുവരി 1 വരെ മറൈൻ ഡ്രൈവിൽ.
എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റിയും സംയുക്തമായി ഡിസംബർ 22 മുതൽ 2024 ജനുവരി 1 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന 40-ാമത് കൊച്ചിൻ ഫ്ലവർ ഷോയുടെ സംഘാടക സമിതി രൂപീകരണയോഗം ചേർന്നു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. ജിസിഡിഎ ആദ്യമായാണ് എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുമായി കെെകോർത്ത് കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാ​ഗമാകുന്നത്. നിരവധി വർഷങ്ങളായി കൊച്ചിയുടെ ആവേശമായ കൊച്ചിൻ ഫ്ലവർ ഷോ ഈ വർഷം നിരവധി നൂതന ആശയങ്ങളാൽ അതിവിപുലമായിരിക്കുമെന്ന് മേയർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരത്തിലെ പൂക്കളുടെ ഉത്സവമായ ഫ്ലവർ ഷോയ്ക്ക് കൊച്ചി നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മേയർ ഉറപ്പു നൽകി.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള യോ​ഗത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ചാർട്ടേർഡ് അക്കൗണ്ടൻറ് ടി.എൻ സുരേഷ് 40-ാമത് ഫ്ലവർ ഷോയെ കുറിച്ചുള്ള അവതരണം നടത്തി.കഴിഞ്ഞ 40 വർഷങ്ങളായി കൊച്ചി ഫ്ലവർ ഷോയുടെ സംഘാടകനും ലാൻഡ്സ്കെപ്പറുമായ പ്രൊഫ. വി ഐ ജോർജ് സന്നിഹിതനായിരുന്ന യോഗത്തിൽ ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, സൊസൈറ്റിയുടെ വൈസ് ചെയർമാൻ വി കെ കൃഷ്ണൻ, ജേക്കബ് വർ​ഗീസ് കുന്തറ, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ ഷീബ എം എം, സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീലത പി ആർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, മുഹമ്മദ് റിയാസ്, കൊച്ചി മേയർ അഡ്വ.എം അനിൽ കുമാർ, ഹെെബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, പി.വി ശ്രീനിജൻ, ഉമ തോമസ്, കെ. ബാബു എന്നിവർ മേളയുടെ രക്ഷാധികാരികളായും, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ്, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, എന്നിവർ ചെയർമാനും, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ സുരേഷ് ജനറൽ കൺവീനറും, അ​ഗ്രി ഹോർട്ടികൾച്ചർ ട്രഷറർ ഏർണി ഇ പോൾ ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു
.
കേരളത്തിലാദ്യമായി 5000 നുമേൽ ഓർക്കിഡുകൾ സജ്ജീകരിക്കുന്ന ആദ്യഷോ ആയിരിക്കും ഇത്. 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വർണ്ണത്തിലുള്ള മൂൺ ക്യാക്ടസ്, ആകർഷകമായ ഡിസൈനുകളിൽ ക്രമീകരിച്ച 30000 ഓളം പൂച്ചെടികൾ, 6000 ചതു.അടിയിൽ തയ്യാറാക്കിയ പുഷ്‌പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിൾ കാർവിങ്, പല തരം പ്രാണിപിടിയൻ ചെടികൾ, റോസാ ചെടികൾ, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങൾ കൊണ്ടുള്ള ഉദ്യാനം, വിദേശി പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതൽ ആകർഷകവുമായിരിക്കും ഈ വർഷത്തെ കൊച്ചിൻ ഫ്ലവർ ഷോ.
ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നും ഉള്ള നഴ്സറികൾ ഉൾപ്പടെ നഴ്സറികളുടെ നീണ്ട നിരയുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച മാതൃകാ പൂന്തോട്ടങ്ങളും ഈ വർഷത്തെ പ്രത്യേകതയാണ്. സന്ദർശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ 'അഗ്രി ക്ലിനിക്' ഷോഗ്രൗണ്ടിൽ പ്രവർത്തിക്കും. കൊച്ചിൻ ഷിപ്പ് യാർഡ്, കൊക്കോനട്ട് ഡെവലൊപ്മെന്റ് ബോർഡ്, കയർ ബോർഡ്, എം. പി.ഇ.ഡി.എ, സ്‌പൈസസ് ബോർഡ് തുടങ്ങി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകുന്നു.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഡാൻസിംഗ് ക്രിസ്തുമസ് ട്രീ എന്ന അത്ഭുതം ഈ വർഷത്തെ ഫ്‌ളവർ ഷോയുടെ പ്രത്യേകതയാണ്. 75 അടിയോളം ഉയരത്തിലുള്ള ക്രിസ്തുമസ് ട്രീയുടെ മുകളിൽ 50 ഓളം വരുന്ന ക്രിസ്തുമസ് പാപ്പാഞ്ഞിമാർ കരോളിനൊപ്പം നൃത്തം ചെയ്യുമ്പോൾ പൊതുജനങ്ങളിൽ വിസ്മയം സൃഷ്ടിക്കപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow