അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഹർജി; സുപ്രീം കോടതി വിധി ഇന്ന്

Jul 12, 2024 - 11:06
 0
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഹർജി; സുപ്രീം കോടതി വിധി ഇന്ന്

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റിനെതിരെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പറയുക.

അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആരോപണം. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാൾ വാദിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്. അറസ്റ്റ് നിയമവിരുദ്ധം എന്നായിരുന്നു കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു.

ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റ് ചെയ്യുന്നത്. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ അരവിന്ദ് കെജ്‌രിവാൾ നിലവിൽ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജൂലൈ 12 വരെയാണ് കസ്റ്റഡി കാലാവധി.

What's Your Reaction?

like

dislike

love

funny

angry

sad

wow