ഉടന്‍ തിരിച്ചെത്തും; 25-ാം വാര്‍ഷികത്തില്‍ പുതിയ പ്രഖ്യാപനവുമായി ജെറ്റ് എയര്‍വേയ്‌സ്
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേയ്സ് വീണ്ടും പറക്കാനൊരുങ്ങുന്നു. ജെറ്റ് എയര്‍വേയ്‌സിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് (25th anniversary) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (CEO) സഞ്ജീവ് കപൂറാണ് (sanjiv kapoor) എയര്‍വേയ്‌സിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. 2019ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് (jet airways) അവസാനമായി പറന്നത്.
25 വര്‍ഷത്തെ സേവനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് സഞ്ജീവ് കപൂറിന്റെ പുതിയ പ്രഖ്യാപനം. '' സന്തോഷകരമായ ഒരു യാത്ര മടക്കി കൊണ്ടുവരാന്‍ കഴിയുന്ന ഒരു എയര്‍ലൈന്‍ ഉണ്ടെങ്കില്‍, അത് ജെറ്റ് എയര്‍വേയ്‌സ് തന്നെയായിരിക്കും. ഈ അനുഭവത്തെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജെറ്റ് എയര്‍വേയ്‌സ് ഉടന്‍ മടങ്ങി വരും'', അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 2022 പകുതിയോടെ എയര്‍ലൈനിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തിൽ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ ജെറ്റ് എയര്‍വേസിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചിരുന്നു. അതിനുശേഷം, ജെറ്റ് എയര്‍വേസ് സിഎക്‌സ്ഒ, പൈലറ്റുമാര്‍, പരിശീലകര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍, ഈ വര്‍ഷം ഏപ്രിലില്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് സഞ്ജീവ് കപൂറിനെ നിയമിച്ചു. അദ്ദേഹം ഒരു ഹൈബ്രിഡ് മോഡല്‍ ജെറ്റ് എയര്‍വേയ്‌സില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഫ്‌ലൈറ്റിന്റെ ബിസിനസ്സ്, എക്കണോമി ക്ലാസുകളെ പ്രോത്സാഹിപ്പിക്കുന്നത് ഈ ഹൈബ്രിഡ് മോഡലാണ്. ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് സിഇഒ പറഞ്ഞു. എന്നാൽ, എക്കണോമി ക്ലാസുകള്‍ ചെലവ് കുറഞ്ഞ കാരിയറുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കും. അവിടെ യാത്രക്കാര്‍ ഭക്ഷണത്തിനും വിമാനത്തിലെ മറ്റ് സേവനങ്ങള്‍ക്കും പണം നല്‍കണം.
ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് അതിന്റെ ആസ്ഥാനം മുംബൈയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആസ്ഥാനം ഗുരുഗ്രാമിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നിരുന്നാലും, മുംബൈയിലും എയര്‍ലൈന്‍ ശക്തമായ സാന്നിധ്യം തുടരുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 50 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനിടെ 100 വിമാനങ്ങളും സ്വന്തമാക്കണമെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.
സര്‍വീസിന് ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റുകളില്‍ ഭൂരിപക്ഷവും കരാര്‍ അടിസ്ഥാനത്തില്‍ വാടകക്കെടുക്കാനാണ് ജെറ്റ് എയര്‍വേയ്‌സിന്റെ പദ്ധതി. ഈ വിമാനങ്ങള്‍ക്കായി കമ്പനി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സിന്റെ പഴയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ആഭ്യന്തര സര്‍വീസുകള്‍ക്കാകും. ചെലവ് ചുരുക്കുന്നതിനുള്ള നടപടികളും ജെറ്റ് എയര്‍വേയ്‌സ് സ്വീകരിക്കും.
ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. നരേഷ് ഗോയലും അനിത ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചിരുന്നു.
What's Your Reaction?