1020 ദിനങ്ങൾക്ക് ശേഷം കോഹ്ലിയുടെ ബാറ്റിൽനിന്ന് സെഞ്ച്വറി
രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ്. കൃത്യമായി പറഞ്ഞാൽ 1020 ദിവസങ്ങൾക്കുശേഷം വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പിറന്നു. അതും തകർപ്പനൊരു സെഞ്ച്വറി. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായിച്ചു. 101 റൺസിന്‍റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ മികവിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സില്‍ അവസാനിപ്പിച്ചു.
അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയ്ക്ക് പകരം ടീമിനെ നയിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു.
ടി20യില്‍ കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഇത്. രാജ്യാന്തര ക്രിക്കറ്റിലെ 71മത്തേതും. അഫ്ഗാനിസ്ഥിനെതിരായ സെഞ്ച്വറിയോടെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോഹ്‌ലിയ്ക്ക് സാധിച്ചു. 61 പന്തുകള്‍ നേരിട്ട കോഹ്‌ലി ആറ് സിക്സറുകളും 12 ഫോറും ഉൾപ്പടെയാണ് 122 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. സെഞ്ച്വറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോലി സമർപ്പിക്കുന്നതായി മത്സരശേഷം കോഹ്ലി പറഞ്ഞു
കോഹ്ലിക്ക് പിന്നാലെ പന്തുകൊണ്ട് വിസ്മയം കാട്ടിയ ഭുവനേശ്വർകുമാറാണ് അഫ്ഗാനി ബാറ്റിങ് നിരയെ തകർത്തത്. അഞ്ചു വിക്കറ്റുകളാണ് ഭുവനേശ്വർ നേടിയത്. നാലോവറിൽ ഒരു മെയ്ഡനടക്കം വെറും നാല് റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഭുവി തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോഴേക്കും അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് വീണിരുന്നു
What's Your Reaction?