നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം; ഇനി ജയിലിലുള്ളത് പൾസർ സുനി മാത്രം

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിജീഷ് വാദിച്ചിരുന്നു.

Apr 5, 2022 - 01:20
 0
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം; ഇനി ജയിലിലുള്ളത് പൾസർ സുനി മാത്രം

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിജീഷ് വാദിച്ചിരുന്നു. കേസിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചു. പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ളത് പൾസർ സുനി മാത്രമാണ്.

അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജി കോടതി തള്ളി. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് സാഗർ വിൻസന്റ് ഹർജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുന്നയിച്ചിരുന്നു. നോട്ടീസ് നൽകാതെ ചോദ്യം ചെയ്യാൻ വിളിപ്പിയ്ക്കരുതെന്നും പോലീസ് ഉപദ്രവിയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയാണ്‌ സാഗർ വിൻസന്റ്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തൊണ്ടിമുതലായി ദിലീപിന്റെ കാർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ കാർ അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്. 2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്റെ കാറിൽ മടങ്ങുമ്പോൾ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു. ദിലീപിന്‍റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നത്. 2007ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടിയെ ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പൊലീസ് കാണുന്നത്.



ഇതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിളിന്‍റെ ഫോറൻസിക് പരിശോധന നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു. 2018 മെയ്‌ 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow