ട്രംപിന്റേത് സഹായ വാഗ്ദാനമെന്നു തിരുത്തി യുഎസ്
കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് ഭരണകൂടം. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണു തിരുത്തലുമായി യുഎസും രംഗത്തെത്തിയത്.
‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ്’– സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ട്രംപിന്റെ വെളിപ്പെടുത്തലിനെ അപലപിച്ചു യുഎസ് ജനപ്രതിനിധി രംഗത്തുവന്നിരുന്നു. ‘അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യൻ അംബാസിഡർ ഹർഷ് ഷ്രിഗ്ലയോടു മാപ്പു ചോദിക്കുന്നു’– ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ പറഞ്ഞു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എതിർക്കാറുണ്ടെന്ന് തെക്കൻ ഏഷ്യയുടെ വിദേശനയത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്കെല്ലാം സുപരിചിതമാണ്. മോദി അത്തരമൊരു നിർദേശം വയ്ക്കില്ലെന്നും എല്ലാവർക്കുമറിയാം– ബ്രാഡ് ഷെർമാൻ പറഞ്ഞു.
ട്രംപിന്റെ പ്രസ്താവന വന്നതിനുപിന്നാലെ വിദേശകാര്യ മന്ത്രാലയ ഹൗസ് കമ്മിറ്റി ചെയർമാൻ ഏലിയറ്റ് എൽ.ഏയ്ഞ്ചൽ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളെ യുഎസ് പിന്തുണയ്ക്കുന്നതായി ഏലിയറ്റ് ഏയ്ഞ്ചൽ വ്യക്തമാക്കി. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകൾക്കും ഷിംല, ലഹോർ കരാറുകളാണ് അടിസ്ഥാനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?