ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം
ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം. തുടരെ മൂന്നാം മൽസരത്തിലും വിജയിച്ച യുറഗ്വായ് ഒൻപതു പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുളള റഷ്യ രണ്ടാം സ്ഥാനത്താണ്. സ്ട്രൈക്കർ ലൂയി സ്വാരസാണ് (10ാം മിനിറ്റ്) വിജയികളെ മുന്നിലെത്തിച്ചത്
സ്വാരസിനെയും കവാനിയെയും മുന്നിൽ നിർത്തി 4–1–2–1–2 ശൈലിയിലായിരുന്നു യുറഗ്വായുടെ തുടക്കം. സ്ട്രൈക്കർക്കു തൊട്ടുപിന്നിൽ യുവതാരം റോഡ്രിഗോ ബെന്റാങ്കുറിനു സ്ഥാനം നൽകിയത് വിജയകരമായി. മധ്യനിരയെയും മുൻനിരയെയും കോർത്തിണിക്കുന്ന പ്ലേമേക്കർ റോളിൽ ബെൻാങ്കുർ തിളങ്ങി. മത്യാസ് വെസിനോ, ലൂക്കാസ് ടൊറെയ്റ, നഹിതൻ നാൻഡെസ് എന്നിവർ അണിനിരന്നു. റഷ്യൻ ബോക്സിന്റെ വക്കിൽ യൂറി ഗസിൻസ്കി യുറഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുറിനെ ഫൗൾ ചെയ്തതിന് അനുവദിച്ച ഫ്രീകിക്കിൽനിന്നാണ് യുറഗ്വായ് ലീഡ് നേടിയത്. സ്വാരസിന്റെ ഫ്രീകിക്ക് റഷ്യൻ ഗോളി അക്കിൻഫീവിനെയും മറികടന്നു ഗോൾവലയുടെ വലതുമൂലയിൽ(1–0)
ഭാഗ്യത്തിന്റെ അകമ്പടിയോടെ യുറഗ്വായ് ലീഡ് ഉയർത്തി. കോർണറിൽ നിന്ന് ഉയർന്ന പന്ത് ക്ലിയർ ചെയ്തപ്പോൾ ഡിയേഗോ ലക്സാൾട്ടിനു മുന്നിലേക്ക്. ഗോൾ വലയിലേക്കു തൊടുത്ത ഷോട്ട് ഡെനിസ് ചെറിഷേവിന്റെ കാലിൽത്തട്ടി വലയിലേക്ക്(2–0).
വലതമൂലയിൽ നിന്നെടുത്ത കോർണർകിക്കിലേക്ക് ഉയർന്നു ചാടിയ യുറഗ്വായ് ക്യാപ്റ്റൻ ഡിയേഗോ ഗോഡിന്റെ ഹെഡർ ഗോൾകീപ്പർ അക്കിൻഫീവ് തട്ടിയകറ്റിയപ്പോൾ കവാനിക്കു കാൽപ്പാകം.(3–0)
റഷ്യയ്ക്കെതിരെ യുറഗ്വായ് മുന്നേറ്റനിരയിലെ ചാലകശക്തിയിയായിരുന്നു ബെന്റാങ്കുർ. പിൻനിരയും മുൻനിരയും തമ്മിലുള്ള പാലം പോലെ പ്രവർത്തിച്ച യുവതാരത്തിന്റെ പ്രകടനം നിർണായകമായി. സ്വാരെസിന്റെ ഗോളിലേക്കു വഴി തുറന്ന ഫ്രീകിക്ക് നേടിയെടുത്തതും ഈ മിഡ്ഫീൽഡറാണ്. അർജന്റീനയിലെ ബോക്ക ജൂനിയേഴ്സിന്റെ താരമായിരുന്നു. 2017ൽ യുവന്റസിൽ ചേർന്നതിനു ശേഷം പ്രകടനം കാര്യമായി മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ദേശീയ ടീമിൽ എത്തിയ ഈ ഇരുപത്തൊന്നുകാരൻ പിന്നീട് ടീമിലെ പതിവുകാരനായി.
What's Your Reaction?