കേരള ബിജെപിയില്‍ അഴിച്ചു പണി; ശോഭാ സുരേന്ദ്രന്‍ നേതൃസ്ഥാനത്തേക്ക്
തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കേരള ബിജെപിയില്‍ അഴിച്ചു പണി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപിആര്‍എസ്എസ് നേതൃയോഗത്തിലാണ് പുതിയ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ നാലു വര്‍ഷത്തിനു ശേഷമാണ് വീണ്ടും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് തിരികെ എത്തുന്നതെന്നും ശ്രദ്ധേയമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മികച്ച പ്രകടനം കാഴ്ചവച്ചതും വനിതാ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും പരിഗണിച്ചാണ് ശോഭ കോര്‍ കമ്മറ്റിയില്‍ തിരിച്ചെത്തിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരാണ് ബിജെപിയുടെ കോര്‍ കമ്മിറ്റിയിലെ പതിവ് അംഗങ്ങള്‍. ഇവര്‍ക്കു പുറമെയാണു മൂന്നു വൈസ് പ്രസിഡന്റുമാര്‍ കൂടി കോര്‍ കമ്മിറ്റി അംഗങ്ങളാകുന്നത്. സംസ്ഥാനത്തെ ചുമതലയുള്ള പ്രഭാരിയും സഹ പ്രഭാരിമാരും കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
What's Your Reaction?