‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്’: നിതിൻ ഗഡ്കരി- Nitin Gadkari
പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരു മനുഷ്യൻ തോൽക്കുന്നതെന്നു മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ആത്മകഥയിലെ വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
നാഗ്‍പുർ ∙ പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് ഒരു മനുഷ്യൻ തോൽക്കുന്നതെന്നു മുൻ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ആത്മകഥയിലെ വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിസിനസിലായാലും സാമൂഹിക പ്രവർത്തനമോ രാഷ്ട്രീയമോ ആയാലും മനുഷ്യബന്ധങ്ങളാണ് വലിയ ശക്തി. ശനിയാഴ്ച നാഗ്പുരിൽ സംരംഭകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരാളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു രസിക്കരുത്. നല്ല കാലമോ ചീത്തകാലമോ ആകട്ടെ, നിങ്ങൾ ഒരാളുടെ കൈ പിടിച്ചാൽ എല്ലായ്‌പ്പോഴും മുറുകെപ്പിടിച്ചിരിക്കണം. അധികാരത്തിലുള്ളയാളെ ആരാധിക്കരുത്’’– ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കപ്പെട്ടതിനോടുള്ള പരോക്ഷ പ്രതികരണമെന്ന തരത്തിൽ ഗഡ്കരി വ്യക്തമാക്കി.
വിദ്യാർഥി നേതാവായിരിക്കെ തന്നോട് കോൺഗ്രസിൽ ചേരാൻ മുതിർന്ന നേതാവ് ശ്രീകാന്ത് ജിച്‌കർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ‘‘കിണറ്റിലേക്കു ചാടി മരിക്കാൻ തയാറായാലും കോൺഗ്രസിൽ ചേരാനില്ല. അവരുടെ പ്രത്യയശാസ്ത്രം എനിക്ക് ഇഷ്ടമല്ല’’ എന്നായിരുന്നു തന്റെ മറുപടിയെന്നു ഗഡ്കരി ഓർമിച്ചു. യുവ സംരംഭകർ അഭിലാഷങ്ങളെ ഒരിക്കലും വിട്ടുകളയരുതെന്നും അദ്ദേഹം പറഞ്ഞു.
English Summary: One should never indulge in use and throw, says Gadkari days after being dropped from BJP parliamentary board
What's Your Reaction?