മൂന്ന് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം; പദ്ധതിയുമായി KITE

May 6, 2022 - 08:30
 0

മെയ് 7 മുതൽ സ്കൂളുകളിൽ ആരംഭിക്കുന്ന സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകളിൽ (cyber safety awareness session) സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി മൂന്ന് ലക്ഷം അമ്മമാർ പങ്കെടുക്കുമെന്ന് സൂചന. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (Kerala Infrastructure and Technology for Education - KITE) ആണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായുള്ള പരിശീലനം സംസ്ഥാനത്തെ 2000-ത്തിലധികം സ്കൂളുകളിലായാണ് നടക്കുക. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബുകൾ വഴി ആയിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സഹായത്തോടെ പരിശീലനം നൽകും.

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് അവസരം. മുപ്പതുപേർ വീതമുള്ള ബാച്ചുകളിലായി മെയ് 20 വരെ പരിശീലനം നൽകും. അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകൾ ഉൾപ്പെടുന്ന പരിശീല പരിപാടി ആകെ മൂന്നു മണിക്കൂറാണ് ഉണ്ടാകുക. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷയെക്കുറിച്ച് രണ്ടാമത്തെ സെഷനിൽ വിവരിക്കും. വ്യാജവാർത്തകൾ തിരിച്ചറിയൽ, വസ്തുതകൾ പരിശോധിക്കൽ, വ്യാജവാർത്തകൾ തടയൽ എന്നിവയാണ് മൂന്നാമത്തെ സെഷനിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ.

'ഇന്റർനെറ്റിലെ ചതിക്കുഴികൾ' (The Traps on Internet) എന്ന് പേരിട്ടിരിക്കുന്ന നാലാമത്തെ സെഷനിൽ സൈബർ ആക്രമണങ്ങളെക്കുറിച്ചും ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ആയിരിക്കും സംസാരിക്കുക. അവസാനത്തെ സെഷൻ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ച് മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ഉള്ളതാണ്.

പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാന-ജില്ലാ തലങ്ങളിലായി 4,000 അധ്യാപകരും 8,000 വിദ്യാർത്ഥികളും പരിശീലനം പൂർത്തിയാക്കിയെന്നും മെയ് 7 മുതൽ 20 വരെ നടക്കുന്ന പരിശീലന പരിപാടിക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും അധ്യാപകരിലും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് അമ്മമാർക്കുള്ള ഈ പരിശീലനം. ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് (KITE VICTERS) സ്റ്റുഡിയോയിൽ വെച്ചായിരിക്കും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്. കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്സ്. വിദ്യാർത്ഥികൾ അംഗങ്ങളായുള്ള ​ഗ്രൂപ്പുകളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.

Summary: As many as three lakh mothers to participate in the cyber security workshop to be held across the state

What's Your Reaction?

like

dislike

love

funny

angry

sad

wow