യുഎസ് തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി
യുഎസ് തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ജെഡി വാൻസിനെയും പ്രഖ്യാപിച്ചു.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് 39കാരനായ വാൻസിനെ തിരഞ്ഞെടുത്തതെന്ന് ഡോണൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങൾ വഴി അറിയിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജെഡി വാൻസ്. നിലവിൽ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാൻസ്. ജെഡി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി വാൻസ് ഇന്ത്യൻ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വാൻസിനെ പ്രശംസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. തന്‍റെ വൈസ് പ്രസിഡന്‍റാകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി വാൻസാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തൊഴിലാളികൾക്കും കർഷകർക്കും വാൻസ് ഒരു ചാമ്പ്യനാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തുടർച്ചയായ മൂന്നാം തവണയാണ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 2016ൽ വിജയിക്കുകയും 2020ൽ പ്രസിഡൻ്റ് ജോ ബൈഡനോട് തോൽക്കുകയും ചെയ്തു. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഫ്ലോറിഡയിൽ നിന്നുള്ള വോട്ടുകൾ നേടിയാണ് അദ്ദേഹം പരിധി കടന്നത്. റിപ്പബ്ലിക്കൻ ക്യാമ്പ് ആത്മവിശ്വാസത്തിലും ആഹ്ലാദത്തിലുമാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
What's Your Reaction?