Reliance Jio ഉപയോക്താക്കൾക്ക് ഇനി റീചാർജ് തീയതി ഓർത്തിരിക്കേണ്ട; UPI വഴി ഓട്ടോ-ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജിയോയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് ജിയോയുടെ യുപിഐ ഓട്ടോപേ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും (Reliance Jio) എൻപിസിഐയും (NPCI) തമ്മിലുള്ള പുതിയ ധാരണയെ തുടർന്ന് ജിയോ ഉപയോക്താക്കൾക്ക് ഇനി മുതൽ യുപിഐ (UPI) വഴി അവരുടെ താരിഫ് പ്ലാനുകൾക്കായി ഓട്ടോ-ഡെബിറ്റ് (Auto Debit) സേവനം സജ്ജമാക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജിയോയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് ജിയോയുടെ യുപിഐ ഓട്ടോപേ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജിയോ ഉപഭോക്താക്കൾക്ക് ഇനി മുതൽ അവരുടെ പ്രിയപ്പെട്ട താരിഫ് പ്ലാനുകൾക്കും തടസ്സരഹിതമായ റീചാർജിംഗിനും മൈ ജിയോ (MyJio) ആപ്പിലെ യുപിഐ ഓട്ടോപേ (UPI AUTOPAY) സേവനം ഉപയോഗിച്ച് നിർദ്ദേശങ്ങൾ സജ്ജീകരിക്കാം.
5,000 രൂപ വരെയുള്ള റീചാർജ് തുകകൾക്ക് ഉപഭോക്താക്കൾ ഇനി മുതൽ യുപിഐ പിൻ പോലും നൽകേണ്ടതില്ല. ഉപയോക്താക്കൾക്ക് UPI AUTOPAY വഴി താരിഫ് പ്ലാനുകളുടെ ഇ-മാൻഡേറ്റ് സൃഷ്ടിക്കാനും പരിഷ്‌ക്കരിക്കാനും ആവശ്യമുള്ളപ്പോൾ നീക്കം ചെയ്യാനും സാധിക്കും.
“ഈ സഹകരണത്തിലൂടെ ജിയോ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ താരിഫ് പ്ലാനുകൾ പുതുക്കുന്ന രീതിയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുപിഐ ഓട്ടോപേയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ആവർത്തിച്ചുള്ള പേയ്‌മെന്റ് നടപടികൾ എളുപ്പമാക്കാനാണ് ഞങ്ങളുടെ പരിശ്രമം," എൻപിസിഐ ഉൽപ്പന്നങ്ങളുടെ ചീഫ് കുനാൽ കലാവതിയ പറഞ്ഞു. ജിയോ ഉപയോക്താക്കൾക്ക് ഇനി തങ്ങളുടെ റീചാർജ് പുതുക്കൽ തീയതിയോ ബിൽ പേയ്‌മെന്റ് തീയതിയോ ഓർത്തിരിക്കേണ്ടതില്ലെന്നും ജിയോ ഡയറക്ടർ കിരൺ തോമസ് പറഞ്ഞു.
What's Your Reaction?