2 ഗ്രൂപ്പുകളിലായി ആകെ 8 ടീമുകൾ, സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Jun 19, 2024 - 14:03
 0
2 ഗ്രൂപ്പുകളിലായി ആകെ 8 ടീമുകൾ, സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ വമ്പന്‍മാരായ പാകിസ്ഥാനും ന്യൂസിലന്‍ഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ സൂപ്പര്‍ 8ലെത്തി അത്ഭുതപ്പെടുത്തിയത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും പോലുള്ള ടീമുകളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് സൂപ്പര്‍ 8ലെ ഗ്രൂപ്പ് 2. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണുള്ളത്. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം.

അരങ്ങേറ്റത്തിൽ തന്നെ അമ്പരപ്പിച്ച അമേരിക്കയും കുഞ്ഞന്‍മാരായ നേപ്പാളിന് മുന്നില്‍ വിറച്ചെങ്കിലും വീഴാതെ അപരാജിതരായി സൂപ്പര്‍ 8ലെത്തിയ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് ആന്‍റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം കാണാം.

ആതിഥേയരെങ്കിലും അരങ്ങേറ്റക്കാരായ അമേരിക്കയുടെ മുന്നേറ്റം ആരും പ്രതീക്ഷിക്കാത്തതാണ്. ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചു. സൂപ്പർ ഓവറിൽ പാകിസ്ഥാനെ വീഴ്ത്തി. ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി. അവസാന മത്സരം മഴ മുടക്കിയതോടെ പാകിസ്ഥാനെ നാട്ടിലേക്ക് പറഞ്ഞയച്ച് സൂപ്പർ എട്ടിലെത്തി. ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാൻ കഴിയുന്ന ടീമല്ല അമേരിക്ക. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്നത് അവരുടെ പൊരുതാനുള്ള ശക്തി കൂട്ടും. ആരോൺ ജോൺസിന്‍റെ ചുമലിലാണ് ബാറ്റിങ് പ്രതീക്ഷകളത്രയും. മോനാങ്ക് പട്ടേലും സ്റ്റീവൻ ടെയ്ലറും കോറി ആൻഡേഴ്സനുമെല്ലാം റണ്ണടിക്കാൻ കരുത്തുള്ളവർ.

ബൗളിങ് സ്ക്വാഡിൽ സൗരഭ് നേത്രവൽക്കർ മികച്ച ഫോമിൽ. അലി ഖാൻ കൂടി തിരിച്ചെത്തിയത് ടീമിന് ഗുണം ചെയ്യും. എന്നാൽ ഇതൊന്നും ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല. ക്വിന്‍റണ്‍ ഡി കോക്കും ഹെൻഡ്രിക്ക്സ് ഓപ്പണിങ് സഖ്യം ഏത് ബൗളിങ് നിരയ്ക്കും വെല്ലുവിളിയാണ്. ഏയ്ഡന്‍ മാർക്രം, ട്രൈസ്റ്റണ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ഹെന്‍റിച്ച് ക്ലാസൻ എന്നിങ്ങനെ സമ്പന്നമായ ബാറ്റിംഗ് നിര.

ഷംസിയും  റബാ‍ഡയും  നോർക്യയും അടങ്ങിയ അപകടകാരികളായ ബൗളിങ് നിര. കടലാസിൽ ഏറെ മുന്നിലാണ് ദക്ഷിണാഫ്രിക്ക. എന്നാൽ ലോകകപ്പിൽ വൻ ജയങ്ങൾ നേടാനായിട്ടില്ല എന്നതാണ് ടീമിന്‍റെ പേടി. അവസാന മത്സരത്തിൽ ഒരു റൺസിനാണ് ദുർബലരായ നേപ്പാളിനോട് ജയിച്ചത്. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ടീം ഇന്നിറങ്ങുന്നത്

What's Your Reaction?

like

dislike

love

funny

angry

sad

wow