വാര്‍ണര്‍ (30 പന്തില്‍ 60); പൃഥ്വി ഷാ (20 പന്തില്‍ 41); പഞ്ചാബിനെ പഞ്ചറാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

Apr 22, 2022 - 03:43
 0
വാര്‍ണര്‍ (30 പന്തില്‍ 60); പൃഥ്വി ഷാ (20 പന്തില്‍ 41); പഞ്ചാബിനെ പഞ്ചറാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും, പൃഥ്വി ഷായും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു.

30 പന്തില്‍ 10 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. പൃഥ്വി ഷാ 20 പന്തില്‍ ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 41 റണ്‍സ് നേടി. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റ് നേടി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 115 റണ്‍സ് നേടി എല്ലാവരും പുറത്തായി. 23 പന്തില്‍ 32 റണ്‍സ് നേടിയ ജിതേഷ് ശര്‍മയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ 24 റണ്‍സെടുത്തു.


ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമദ്, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് നിരയില്‍ മായങ്കിനും ജിതേഷ് ശര്‍മയ്ക്കും പുറമെ ഷാരൂഖ് ഖാന്‍ (12), രാഹുല്‍ ചാഹര്‍ (12) എന്നിവരാണ് രണ്ടക്കം കടന്നത്.


കോവിഡ് ആശങ്കകളെ അതിജീവിച്ചാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നു പഞ്ചാബ് കിങ്സുമായി ഏറ്റുമുട്ടാന്‍ ഇറങ്ങിയത്. നേരത്തേ പൂനെയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ഡിസി ക്യാംപിലെ കോവിഡ് കേസുകളെ തുടര്‍ന്ന് മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow