യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Nov 6, 2024 - 08:27
 0
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി. എട്ട് ഹര്‍ജികളായിരുന്നു സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കി 2004ല്‍ മുലായം സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് 2024 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ വിവിധ ഹര്‍ജികള്‍ നല്‍കിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാസം 22നാണ് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയത്. ഇതിനിടെ, മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow