‘അമ്മയ്ക്ക് വയ്യായിരുന്നു, അതാ അന്നങ്ങനെ പറഞ്ഞത്’: പൊലീസ് നന്മ, സച്ചിന് സ്വപ്നവീട്

അമ്മയ്ക്ക് കോവിഡ് വന്ന് അനങ്ങാൻ വയ്യ, അച്ഛൻ വർഷങ്ങളായി കിടപ്പിലാണ്. എങ്കിൽ നിനക്ക് ചായയും പലഹാരവും വാങ്ങിത്തരാം എന്ന് പറഞ്ഞു. അപ്പോഴാണ് അവൻ പറയുന്നത് ചായ അടുത്തുള്ള വീട്ടിലെ ചേച്ചി തരും...ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാറേ... എന്ന്. ഇത് കേട്ടപ്പോ എനിക്ക് അവന്റെ പ്രായമുള്ള എന്റെ മകനെയാണ് ഓർമ വന്നത്

Jan 14, 2022 - 20:10
 0
‘അമ്മയ്ക്ക് വയ്യായിരുന്നു, അതാ അന്നങ്ങനെ പറഞ്ഞത്’: പൊലീസ് നന്മ, സച്ചിന് സ്വപ്നവീട്

ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാറേ...’ മലയാളിയെ ഏറെ നൊമ്പരപ്പെടുത്തിയ വാക്കുകൾ. തൃശൂർ സ്വദേശിയായ 12 വയസ്സുകാരൻ സച്ചിന്റെ ജീവിതം പുറത്തെത്തിച്ച രണ്ട് പേരുണ്ട്. മാള സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ സജിത്തും മാർട്ടിനും. പുതിയ വീട്ടിലേക്ക് സച്ചിനും കുടുംബവും താമസം മാറിയപ്പോൾ മനസ്സിൽ സന്തോഷം തുളുമ്പിയത് ഇവർക്കാണ്.

 

അങ്ങനെ ഒരു കോവിഡ് കാലത്ത്, ജനമൈത്രി പൊലീസ് സജിത്ത് പറയുന്നു...

കോവിഡ് രോഗികളെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഡ്യൂട്ടിയിലായിരുന്നു ഞാൻ. അങ്ങനെയാണ് സച്ചിന്റെ വീട്ടിലേക്ക് വിളി എത്തുന്നത്. അവന്റെ അമ്മയാണ് ഫോണെടുത്തത്. അവർക്ക് കോവിഡ് മൂലം തീരെ വയ്യാതിരിക്കുകയായിരുന്നു. അവർ സച്ചിന്റെ കയ്യിൽ ഫോൺകൊടുത്തു. സമയം ഏകദേശം 11 മണിയായിക്കാണും. ചായകുടിച്ചോ എന്ന് സച്ചിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇല്ലാ എന്ന്. അമ്മയ്ക്ക് കോവിഡ് വന്ന് അനങ്ങാൻ വയ്യ, അച്ഛൻ വർഷങ്ങളായി കിടപ്പിലാണ്. എങ്കിൽ നിനക്ക് ചായയും പലഹാരവും വാങ്ങിത്തരാം എന്ന് പറഞ്ഞു. അപ്പോഴാണ് അവൻ പറയുന്നത് ചായ അടുത്തുള്ള വീട്ടിലെ ചേച്ചി തരും. ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാറേ... എന്ന്. ഇത് കേട്ടപ്പോ എനിക്ക് അവന്റെ പ്രായമുള്ള എന്റെ മകനെയാണ് ഓർമ വന്നത്. മനസ്സിലാകെ വിഷമം നിറഞ്ഞു. ഉടനെ ഞാനും ഡ്യൂട്ടിയിലുണ്ടായിരുന്ന മാർട്ടിനും കൂടി ചിക്കനും മുട്ടയും കുറച്ച് പച്ചക്കറികളും പലചരക്കു സാധനങ്ങളും അവന് വേണ്ട കുറച്ച് ബുക്കും പേനയും പെൻസിലുമൊക്കെയായി സച്ചിന്റെ വീട്ടിലെത്തി. അവിടുത്തെ അവസ്ഥ കണ്ടപ്പോൾ മനസ്സ് വേദനിച്ചു. അച്ഛന്‍ മാധവന് ഒട്ടും വയ്യ, അഞ്ച് വർഷമായി കിടപ്പിലാണ്. തലച്ചോറിൽ ബ്ലോക്ക് വന്നതാണ്. പൊട്ടിപ്പൊളിഞ്ഞ വീട്. രോഗിയായിട്ടും അച്ഛൻ കിടക്കുന്നത് നിലത്താണ്. മഴയത്ത് വെള്ളം ചോർന്നൊലിക്കും.

ഞങ്ങളെ കണ്ടതും സച്ചിന് സന്തോഷമായി. സാധനങ്ങൾ കൊടുത്തു. നാളെ വരാമെന്ന് പറഞ്ഞാണ് പോന്നത്. കോവിഡ് രോഗികളെ സഹായിക്കുന്ന സംഘടനകളൊക്കെ ഉണ്ട് . അവരോട് പറഞ്ഞ് വീട്ടിലേക്ക് വേണ്ട ഭക്ഷണ സാധനങ്ങളൊക്കെ എത്തിക്കാമെന്ന് കരുതി. മനസ്സിലൊരു വിങ്ങലായിരുന്നു തിരിച്ചു പോരുമ്പോൾ. അവന്റെ നിഷ്കളങ്കത കൊണ്ടാണല്ലോ ചിക്കന്റെ കാര്യം പറഞ്ഞത്.

വൈകുന്നേരമായപ്പോൾ ഞങ്ങൾ കരുതി ഫെയ്സ്ബുക്കിൽ ഇതിനെക്കുറിച്ച് ഒരു പോസ്റ്റിടാമെന്ന്. പോസ്റ്റിട്ട് കുറച്ച് കഴിഞ്ഞപ്പോൾ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ എന്റെ പോസ്റ്റ് ഷെയർ ചെയ്തു. അതോടെ കാര്യങ്ങൾ ലോകം മുഴുവൻ അറിഞ്ഞു. മാധ്യമങ്ങൾ ഈ വർത്തകൊടുത്തു.  ‘ചിക്കൻ കഴിച്ചിട്ട് കുറേ നാളായി സാർ’ എന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ എന്റെ ഫോണിനും സ്റ്റേഷനിലെ ഫോണിനും വിശ്രമമില്ലാതായി.

What's Your Reaction?

like

dislike

love

funny

angry

sad

wow