അടിമുടി മാറി കോഴിക്കോട് കൊപ്ര ബസാർ! പുതുജീവനേകിയത് ഏഷ്യൻ പെയിന്റ്സ്, St+art ഇന്ത്യ ക്യാംപെയ്ൻ

Jul 20, 2021 - 17:35
 0
അടിമുടി മാറി കോഴിക്കോട് കൊപ്ര ബസാർ! പുതുജീവനേകിയത് ഏഷ്യൻ പെയിന്റ്സ്, St+art ഇന്ത്യ ക്യാംപെയ്ൻ

കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും. വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെയും സ്നേഹമുള്ള മനുഷ്യരുടെയും നാട്. നാളികേരവുമായി ഇഴമുറിയാത്ത ബന്ധമാണ് കോഴിക്കോടിനുള്ളത്. കേരളത്തിൽ ഏറ്റവുമധികം നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ലകളിലൊന്നാണിത്. നൂറു കണക്കിനാളുകളാണ് നാളികേരള കച്ചവടം കൊണ്ടുമാത്രം ഇവിടെ ഉപജീവിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളും മറ്റ് കാർഷികഫലങ്ങളും തേടി കാപ്പാട് തീരത്ത്, വാസ്കോ ഡാ ഗാമയടക്കം എത്ര വിദേശകച്ചവടക്കാരാണ് വന്നിറങ്ങിയത്! അതെല്ലാം കേരളത്തിന്റെ ചരിത്രത്തിനോട് ചേർത്താണ് വായിക്കപ്പെടുന്നത്.

കൊപ്ര ബസാറാണ് കോഴിക്കോട് നഗരത്തിലെ നാളികേര ബിസിനസിന്റെ ആസ്ഥാനം. ചെറുതും വലുതുമായ കടകളും ഗോഡൗണുകളും ഇവിടെയുണ്ട്. തിരക്കേറിയ സൗത്ത് ബീച്ച് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1936 ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണിത്. പുറമെ വിപണനസ്ഥലമാണെങ്കിലും ഇതിന് വാസ്തുശില്പപരമായ മറ്റൊരു മുഖവുമുണ്ട്. ഒരു കൂട്ടം കലാകാരന്മാരുടെ താമസസ്ഥലം കൂടിയാണ് ഇവിടം.ഒരു മാർക്കറ്റ് എന്നതിലുപരി ഒരുപാട് കുടുംബങ്ങൾക്ക് അന്നം നൽകുന്ന പുണ്യയിടമായാണ് കോഴിക്കോടുകാർ കൊപ്ര മാർക്കറ്റിനെ മനസ്സിൽ സൂക്ഷിക്കുന്നത്. ഇതുകൊണ്ടൊക്കെ കൊപ്ര ബസാറിന്റെ പഴയ ചുവരുകളെയാണ് 'Donate a Wall' ഇനിഷ്യേറ്റീവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നവീകരിക്കാൻ തിരഞ്ഞെടുത്തത്.

കലാനിർമിതി ഒരുക്കാൻ ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിച്ചത്, ട്രെസ്‌പാസേഴ്സ് കലക്ടീവ് എന്ന സംഘടനയിലെ ചിത്രകാരൻ ജിനിൽ മണികണ്ഠനെയാണ്. ജീവൻ തുടിക്കുന്ന, ജീവിതം പറയുന്ന നിരവധി ചുവർചിത്രങ്ങൾ രചിച്ച അനുഭവസമ്പത്തിൽ നിന്നാണ് ജിനിൽ, കേരളത്തിൽ നാളികേര വ്യവസായത്തിന്റെ ചരിത്രം ചുവരുകളിൽ കഥയായി വരച്ചിട്ടത്. അതിസൂക്ഷ്മമായ രചനയും അതിനുമേലുള്ള ഉചിതമായ ചായക്കൂട്ടുകളും കൊണ്ട് ഏറെ ദിവസങ്ങളുടെ അധ്വാനത്തിനൊടുവിലാണ് കൊപ്ര ബസാറിനെ കഥപറയുന്ന അതിമനോഹരമായ ക്യാൻവാസാക്കി ജിനിൽ മാറ്റിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow