കാലാവധി അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കി, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്

May 23, 2024 - 10:11
May 23, 2024 - 10:12
 0
കാലാവധി അവസാനിക്കാൻ ഇനിയും മാസങ്ങൾ ബാക്കി, പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്

ബ്രിട്ടനിൽ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ 4ന് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ മേയ് 30ന് ശേഷം നിലവിലെ പാർലമെന്റ് ഔപചാരികമായി പിരിയും. 2025 ജനുവരി വരെ ഋഷി സുനകിന്റെ കാലാവധി അവശേഷിക്കെയാണ് നിലവിലെ തീരുമാനം.

14 വർഷമായി അധികാരത്തില്‍ തുടരുന്ന കണ്‍സർവേറ്റീവ് പാർട്ടി രാജ്യത്ത് വലിയ വിമർശനങ്ങള്‍ക്ക് വിധേയമാകുന്ന പശ്ചാത്തലത്തിലാണ് ഋഷി സുനകിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സുനക് പറഞ്ഞതിങ്ങനെ. ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കോവിഡ് പാൻഡെമിക്, ഫർലോ സ്കീം, യുക്രെയ്നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമർശിച്ചു.

റഷ്യ-യുക്രെയ്‌ന്‍ യുദ്ധം മൂലമുണ്ടായ വിലക്കയറ്റം, ജീവിതച്ചെലവ് പ്രതിസന്ധി എന്നിവയില്‍ നിന്നെല്ലാം ബ്രിട്ടണ്‍ തിരിച്ചുവരവിന്റെ പാതയിലാണ്. രാജ്യത്തിന്റെ സാമ്പദ്‍വ്യവസ്ഥ ശരിയായ പാതയിലാണെന്നും തന്റെ പാർട്ടിക്ക് മാത്രമെ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്നുമാണ് സുനകിന്റെ അവകാശവാദം.

1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. ഇന്ത്യൻ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു.

ഒക്ടോബർ – നവംബർ മാസങ്ങളിലായിരുന്നു സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ തന്റെ പാർട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതിയാകാം പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. അതേസമയം, അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് നിലവിൽ വ്യക്തമായ മേൽക്കൈയുണ്ട്. സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് സ്റ്റാർമർ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നും സ്റ്റാർമർ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow